ജോലി കിട്ടിയിട്ട് കല്യാണം കഴിക്കാമെന്ന് പറഞ്ഞ മാതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി

ഭോപ്പാല്‍. കല്യാണം കഴിക്കുന്നതിന് അനുമതി നിഷേധിച്ച മാതാവിനെ മകന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. ആസ്മ ഫാറൂക്ക് (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഫര്‍ഹാന്‍ (32) അറസ്റ്റിലായി. ബികോം ബിരുദം നേടിയ ഫര്‍ഹാന്‍ വിവാഹം കഴിക്കുന്ന കാര്യം മാതാവിനെ അറിയിച്ചിരുന്നു. എന്നാല്‍ ജോലി ഇല്ലാത്ത മകന്‍ ജോലി നേടിയിട്ട് മതി വിവാഹം എന്ന നിലപാടിലായിരുന്നു മാതാവ്.

ഇതില്‍ പ്രകോപിതനായ ഫര്‍ഹാന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മാതാവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോള്‍ മാതാവ് രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

മരണം നടന്ന് രണ്ടാം ദിവസം പ്രതി രക്തം പറ്റിയ ബാറ്റ് ഓളിപ്പിക്കുന്നത് സഹോദരന്‍ കണ്ടു. ഇത് ചോദ്യം ചെയ്തപ്പോള്‍ മാതാവ് ടെറസില്‍ നിന്നും വീണതാണെന്നാണ് പ്രതി പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.