തീയതി തീരുമാനിച്ചിട്ടില്ല, വിവാഹം ആറു മാസത്തിനുശേഷം, മൃദുല

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുലയും യുവകൃഷ്ണയും. ഇരുവരും വിവാഹത്തിനുള്ള ഒരുക്കത്തിലാണിപ്പോൾ. അടുത്തിടെ താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലുമായിരുന്നു. അഭിനയ രംഗത്ത് ഇരുവരും സജീവമാണെങ്കിലും ഒരു സീരിയലിൽ ഒരുമിച്ച് ഇരുവരും അഭിനയിച്ചിട്ടില്ല.

ഇരുവർക്കും ഒപ്പം രണ്ട് സീരിയലുകളിൽ അഭിനയിച്ച രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് നിമിത്തമായി മാറിയത്. നിങ്ങൾക്ക് രണ്ടാൾക്കും വിവാഹം ചെയ്തൂടേ എന്ന് രേഖ ചോദിച്ചപ്പോൾ ആയിരുന്നു തങ്ങൾ അതേ കുറിച്ച് ആലോചിച്ചത് എന്ന് യുവയും മൃദുലയും പറഞ്ഞിരുന്നു.

ഈ വർഷം വിവാഹം ഉണ്ടാകും എന്ന സൂചന ഉണ്ടായിരുന്നു എങ്കിലും മൃദുല ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരുന്നില്ല. അതിനുള്ള മറുപടി നൽകുകയാണ് ഇപ്പോൾ മൃദുല വിജയ്.ഒരു ആറുമാസം കഴിഞ്ഞു വിവാഹം ഉണ്ടാകും എന്നും, തീയതി തീരുമാനിച്ചിട്ടില്ല എന്നാണ് മൃദുല പറഞ്ഞത്. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ് എന്നാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങൾ ജീവിതത്തിലും ഒരുമിക്കുന്നതിന്റെ ആവേശം ഒട്ടും മറച്ചുവയ്ക്കാതെ പ്രേക്ഷകർ ഇരുവർക്കും ആശംസകളും നേർന്നിരുന്നു.