ആകാശത്ത് റോഡ് നിർമ്മിച്ച് താഴെ ഫിറ്റ് ചെയ്യാൻ പറ്റില്ല, കടകംപള്ളിക്ക് മറുപടി നൽകി റിയാസ്

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നവീകരണം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് പരോക്ഷമായി മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. കരാരുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവര്‍ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ആകാശത്ത് റോഡ് നിർമ്മിച്ചിട്ട് താഴെ കൊണ്ടുപോയി ഫിറ്റ് ചെയ്യാൻ പറ്റില്ല. റോഡിൽ തന്നെ നടത്തണം. എല്ലാം ഒരുമിച്ചു നടത്താതെ ചിലത് മാത്രം നടത്തി ചിലത് നടത്താതെ പോയാൽ, അപ്പോൾ വരുന്ന ചർച്ച എന്തുകൊണ്ട് നടത്തുന്നില്ല, നടന്നു പോലും പോകാൻ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും എന്നാണ്. ഇപ്പോൾ എല്ലാവരും ചേർന്ന് പ്രവൃത്തി നടത്തുന്നു. ഇത് ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്നം.കരാറുകാരനെ മാറ്റിയത് ചില താത്പര്യമുള്ളവര്‍ക്കാണ് ഇഷ്ടപ്പെടാതിരുന്നതെന്ന് മന്ത്രി പറഞ്ഞത് കടകംപളളിയെ ലക്ഷ്യം വച്ചാണെന്ന് വ്യക്തം. റോഡുകള്‍ മാര്‍ച്ച് 31 ഓടെ പൂര്‍ത്തിയാകുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതുമരാമത് വകുപ്പിനാണ്. പണി നടക്കുന്നതിനാലാണ് ഗതാഗത പ്രശ്‌നം ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി. പലവട്ടം തിരുത്താന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. എന്തും ചെയ്യാമെന്ന ഹുങ്കോടെയായിരുന്നു കരാറുകാരന്‍ പ്രവര്‍ത്തിച്ചത്. കരാര്‍ വീതിച്ചു നല്‍കിയില്ലെങ്കില്‍ പണി പൂര്‍ത്തിയാകില്ലായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.