നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊടും ക്രിമിനൽ

കൊച്ചി. പത്തനംതിട്ട ഇലന്തൂരിലെ നരബലി കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊടും ക്രിമിനൽ. എറണാകുളം പുത്തൻ കുരിശ് പോലീസ് സ്റ്റേഷൻ പരിധിയിൽ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നേരിടാനിരിക്കുകയാണ് ഇപ്പോൾ ഷാഫി. പുത്തൻ കുരിശ്ശിലെ ഒരു സ്വകാര്യ കമ്പനിയിൽ ലോറി ഡ്രൈവറായി ജോലി ചെയ്യുമ്പോൾ 2020 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫി പീഡനക്കേസിൽ പ്രതിയാണെന്ന വിവരം ആണ് പുറത്ത് വന്നിരിക്കുന്നത്.

ആ സംഭവം ഇങ്ങനെയായിരുന്നു: ലോറി ഡ്രൈവറായിരിക്കെ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള 60-കാരിയുമായി ഷാഫി അടുത്ത ബന്ധത്തിലായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്നു. ഒരിക്കൽ മദ്യപിച്ച് ഈ സ്ത്രീയുടെ വീട്ടിൽ നിൽക്കുമ്പോഴാണ് വഴിയിലൂടെ നടന്നുപോയ 75-കാരിയെ ഷാഫി ആക്രമിക്കുന്നത്. താനുമായി അടുപ്പമുള്ള സ്ത്രീയുടെ സഹായത്തോടെ ഇവരെ വീട്ടിലേക്ക് വലിച്ചുകൊണ്ടു വന്നു തന്റെ അടുപ്പക്കാരിയുടെ മുന്നിലിട്ട് വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഇയാൾ കയ്യിൽ കരുതാറുള്ള കത്തി ഉപയോഗിച്ച്75കാരിയെ ആക്രമിക്കുകയും ചെയ്തു. ഈ കേസിൽ ഷാഫിയെ പുത്തൻ കുരിശ് പോലീസ് അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി. തുടർന്ന് 2021 ഫെബ്രുവരിയിൽ കേസിൽ ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഷാഫിയുടെ ഇടപാടുകളിലെല്ലാം ദുരൂഹതയാണ് ഉള്ളത്. ഒരേസമയം സിദ്ധനും ഏജന്‍റുമായി വേഷമിട്ട ഷാഫി കൊച്ചി നഗരത്തില്‍ ഹോട്ടല്‍ നടത്തി വരവെയാണ് പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെ നരബലിക്കായി ലക്ഷ്യമിടുന്നത്. കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഷാഫിയെന്ന വിവരവും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. റഷീദ്, ഷാഫി എന്നിങ്ങനെ വിവിധ പേരുകളിൽ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി കൊടുംക്രിമിനലായി തകർത്താടുകയായിരുന്നു.

ഭഗവല്‍ സിങ്ങിനെ വലയിലാക്കാന്‍ ഷാഫി ഉപയോഗിച്ചത് ശ്രീദേവിയെന്ന വ്യാജ പ്രൊഫൈലായിരുന്നു. സിദ്ധനായി ഭഗവൽസിങ്ങിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ റഷീദ് എന്ന പേരാണ് പറഞ്ഞിരുന്നത്. ഒരുവര്‍ഷമായി ഗാന്ധിനഗറിലാണ് ഇയാൾ കുടുംബ സമേതം താമസിച്ചു വന്നിരുന്നത്. ഷേണായീസ് റോഡില്‍ ഹോട്ടലിന് പുറമെ ബസും ജീപ്പും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ ഷഫീക്ക് സ്വന്തമായി ഉണ്ട്. ഷാഫിയെ നാട്ടുകാര്‍ക്കെല്ലാം എന്തുകൊണ്ടോ ഒരു ഭയമായിരുന്നു.

കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും ഷാഫിയുടെ കടയില്‍ പതിവായി വരുമായിരുന്നു. പത്മയെ കാണാതായപ്പോള്‍ പൊലീസ് തിരഞ്ഞെത്തുമ്പോൾ സുഹൃത്ത് ബിലാലെന്ന യുവാവിനെ കുടുക്കാനായിരുന്നു ഷാഫിയുടെ ആദ്യ ശ്രമം ഉണ്ടായത്. നേരത്തെ കളമശേരിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിട്ടുള്ള ഷാഫി വന്‍ തോതില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ബിലാൽ എന്ന യുവാവ് പോലീസിനോട് വെളിപ്പെടുത്തിരിക്കുകയാണ്. ഇനിയും ദുരൂഹമായ പലയിടപാടുകളും ഷാഫിക്കുണ്ടെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.