മുല്ലപ്പെരിയാർ ഡാം ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കും; പുറത്തേക്കൊഴുക്കുക സെക്കന്റിൽ 543 ഘനയടി വെള്ളം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് രാവിലെ ഏഴ് മണിയ്ക്ക് തുറക്കും. സ്പിൽവേയിലെ മൂന്ന് ,നാല് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം ഉയർത്തും. രണ്ട് ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുക . നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138. 40 അടിയാണ്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മന്ത്രിമാരായ കെ രാജൻ ,റോഷി അഗസ്റ്റിൻ എന്നിവർ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്ന് ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിൽ പറഞ്ഞു. മാത്രമല്ല അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളിൽ നിന്ന് മാറ്റിയെന്ന് മന്ത്രി വിശദീകരിച്ചു. രണ്ട് ക്യാമ്പുകൾ സജ്ജമാക്കി. ഒന്നിൽ 15 കുടുംബങ്ങളിൽ നിന്നുള്ള 35 അംഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ബന്ധുവീടുകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും അധിക ജലം എത്തിയാൽ ഇടുക്കി അണക്കെട്ടും തുറന്നേക്കും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇന്ന് വെെകീട്ട് നാല് മണിക്കോ, നാളെ രാവിലെയോ അണക്കെട്ട് തുറന്നേക്കാമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. മുൻ കരുതൽ നടപടിയെന്നോണം അണക്കെട്ടിൽ നിന്നും 100 ക്യൂമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.