മുരളീധരന്റെ തോൽവി, തൃശൂർ ഡിസിസിയിൽ നാടകീയ രം​ഗങ്ങൾ, അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു

തൃശൂർ : കെ മുരളീധരന്റെ കനത്ത തോൽവിക്ക് പിന്നാലെ ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു. യുഡിഎഫ് ജില്ലാ ചെയർമാനായ എൻപി വിൻസന്റും രാജിവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഡിസിസി ഓഫീസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിനറെ നിർദേശ പ്രകാരമാണ് രാജിവച്ചത്.

നേതാക്കളുടെ രാജിയെ തുടർന്ന് ഡിസിസി ഓഫീസിൽ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. ജോസ് വളളൂരിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. രാജിയിൽ വനിതാ പ്രവർത്തകരടക്കമുളളവർ കരയുന്നതാണ് കാണുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ജോസേട്ടനാണെന്ന് പറയാൻ ഒരിക്കലും കഴിയില്ലെന്നാണ് പ്രവർത്തകരുടെ വാദം.

രാജിക്ക് പിന്നാല പ്രവർത്തർ വൈകാരികമായി പ്രതികരിച്ചു. മുദ്രാവാക്യം വിളികളും സംഘർഷാവസ്ഥയും ഉണ്ടായി. പിന്നാലെ പൊലീസും സ്ഥലത്തെത്തി. രാവിലെ മുതൽ ജോസ് വള്ളൂരിനെ അനുകൂലിക്കുന്ന വലിയ വിഭാ​ഗം അണികൾ കൂട്ടത്തോടെ ഡിസിസി ഓഫീസിലെത്തിയിരുന്നു.

തോൽവിയിൽ ഒരാളെ മാത്രം വേട്ടയാടുന്ന നിലപാട് ശരിയല്ലെന്നും രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഡിസിസി ഓഫീസിലെത്തിയ വള്ളൂരിന്റെ അനുകൂലികൾ പറഞ്ഞു.ജോസ് വള്ളൂർ രാജിവച്ചാൽ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവയ്‌ക്കുമെന്ന് ചില കൗൺസിലർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.