ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി,19 വർഷത്തിന് ശേഷം പ്രതി പിടിയിൽ

മാന്നാർ : കൊലക്കേസിൽ വിചാരണമദ്ധ്യ ഒളിവിൽ പോയ പ്രതിയെ 19വർഷത്തിന് ശേഷം പിടികൂടി പൊലീസ്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ . മാന്നാർ കുട്ടമ്പേരൂർ താമരപ്പള്ളിൽ വീട്ടിൽ കുട്ടികൃഷ്ണൻ ജി പി (55) ആണ് പിടിയിലായത്. ഭാര്യ ജയന്തിയെ (32) 2004 ഏപ്രിൽ രണ്ടിനാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്.

വിവാഹ മോചിതയാണെന്ന കാര്യം ജയന്തി മറച്ചുവച്ചെന്ന് ആരോപിച്ചായിരുന്നു ഇരുവരും തമ്മിൽ വഴക്ക്. പിന്നാലെ കുട്ടികൃഷ്ണൻ ജയന്തിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ച് ബോധം കെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം തല അറുത്തു മാറ്റുകയായിരുന്നു. താമരപ്പള്ളിയിലെ വീട്ടിൽ വച്ചായിരുന്നു ക്രൂര കൊലപാതകം അരങ്ങേറിയത്.

സംഭവം നടന്ന രാത്രി കുട്ടികൃഷ്ണനും ഒന്നേകാൽ വയസുള്ള മകളും മൃതദേഹത്തിന് അടുത്തിരുന്നു. അടുത്ത ദിവസമാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പിന്നാലെ പ്രതി പൊലീസ് പിടിയിലായി. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയില്‍ വിചാരണ നടക്കവേ കുട്ടികൃഷ്‌ണൻ ഒളിവിൽ പോകുകയായിരുന്നു.

2023 ജൂണിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചെെത്ര തെരേസ ജോൺ ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എറണാകുളത്ത് നിന്നുമാണ് പ്രതി പിടിയിലായത്. ഏറെ നാല് ഇയാൾ ഒറീസയിൽ ആയിരുന്നു.