പി ജെ ആര്‍മിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല;എം വി ജയരാജന്‍

കണ്ണൂര്‍: പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സി പി എം നേതാവ് എം വി ജയരാജന്‍. പി ജെ ആര്‍മിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം പി ജെ ആര്‍മി പ്രചാരണങ്ങളില്‍ പി ജയരാജന് പങ്കില്ലെന്നും എംവി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പി ജയരാജന്റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധമാണെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്നും എംവി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തിരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന്സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഏത് ചുമതല നല്‍കണം എന്നത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. എല്‍ ഡി എഫിന്റെ തുടര്‍ ഭരണം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാര്‍ട്ടി ശത്രുക്കള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. പി ജെ. ആര്‍മി എന്ന പേരില്‍ നവമാദ്ധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ അടക്കം ഉപയോഗിച്ച്‌ പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന്‌അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.