ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഇരിക്കൂർ സിഗ്‌ബ കോളജിലെ ബി.എ സൈക്കോളജി അവസാനവർഷ വിദ്യാർഥിനികളായ എടയന്നൂർ സ്വദേശിനി ഷഹർബാന (28), അഞ്ചരക്കണ്ടി സ്വദേശിനി സൂര്യ (23) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയിലെ മുങ്ങൽസംഘം ഏറെനേരം ഡിങ്കിയും മറ്റും ഉപയോഗിച്ച് ഇന്നലെ തന്നെ തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാത്രി 7.30ഓടെ നിർത്തിയ തിരച്ചിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചത്.

കോളജിൽ പരീക്ഷക്കെത്തിയതായിരുന്നു ഷഹർബാനയും സൂര്യയും. പരീക്ഷ കഴിഞ്ഞ് അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ സഹപാഠിയായ പടിയൂർ പൂവത്തെ ജസീനയുടെയുടെ വീട്ടിലെത്തി. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈൽഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി. ഇതുശ്രദ്ധയിൽപെട്ട മീൻപിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങൾക്കകം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്നു. വിദ്യാർഥിനികളിൽ ഒരാൾ മീൻപിടിക്കുന്നവരുടെ വലയിൽപെട്ടെങ്കിലും വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വലയിൽനിന്ന് വേർപെട്ടു പോയി.

എടയന്നൂരിലെ മുഹമ്മദ് കുഞ്ഞിയുടെയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. പിതാവ് മുഹമ്മദ് കുഞ്ഞി ഏതാനും മാസം മുമ്പാണ് മരണപ്പെട്ടത്. വിവാഹിതയാണ്. അഞ്ചരക്കണ്ടിയിലെ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.