24ാം വയസ്സിൽ ഭർത്താവ് മരിച്ചു, കുട്ടികളെ പട്ടിണിക്കിടാതിരിക്കാനായി പല പണികൾ ചെയ്തു

എഴുത്തുകാരനായ നജീബ് മൂടാടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഇരുപത്തിനാലം വയസ്സിൽ ഭർത്താവ് മരണപ്പെട്ട ഒരു സ്ത്രീയുടെ അവസ്ഥയാണ് ഹൃദയസ്പർശിയായ കുറിപ്പിലൂടെ പറയുന്നത്. ഭർത്താവ് മരണപ്പെട്ട് ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ മാറിൽ ഒട്ടിക്കിടന്ന ഇളയ കുഞ്ഞിന് നാലുമാസം പ്രായം. കൂട്ടത്തിൽ മുതിർന്ന ആറു വയസ്സുകാരന്റെ കൈപിടിച്ചൊരു മൂന്നു വയസ്സ് കാരിയും… മക്കളെ പട്ടിണിക്കിടാതിരിക്കാനും നല്ല വിദ്യാഭ്യാസം നൽകാനുമൊക്കെയായി ആ അമ്മ പല പണികളും ചെയ്തു. പല വീടുകളുടെ അടുക്കളകളിൽ, നെല്ല് കൊയ്യാൻ, കല്ല് ചുമക്കാൻ ..മക്കളല്ലാതെ ഒരു ചിന്തയും ഉണ്ടായിരുന്നില്ല മനസ്സിൽ.. ഇന്ന് ആ മക്കളെല്ലാം വലിയ നിലയിലായി.

കുറിപ്പിന്റെ പൂർണ്ണരൂപം

“ഓ..ഓൾക്കിപ്പോ എന്താ മക്കളൊക്കെ ഗൾഫിൽ വലിയ നിലയിലായി… വീടായി സൗകര്യങ്ങളായി”വിശപ്പ് കെടാനുള്ള ഭക്ഷണം പോലും ഇല്ലാത്ത, ഒരുപാടംഗങ്ങൾ ഉള്ള കൂട്ടുകുടുംബത്തിലേക്ക്പതിനാറാം വയസ്സിൽ കെട്ടിക്കൊണ്ടു വന്നതുമുതൽ കഷ്ടപ്പാടുകളിൽ മുങ്ങിപ്പോയൊരു ജീവിതം. രാത്രിയിരുട്ടിലെ കിതപ്പുകളായി മാത്രം അടുത്തു കിട്ടുന്ന ഭർത്താവ്. അമ്മായിയമ്മ ഉണ്ടാക്കുന്ന സ്വൈര്യക്കേടും നാത്തൂൻ പോരും എടുത്താൽ തീരാത്ത പണികളും സഹിച്ചതൊക്കെയും അതിലേറെ ദരിദ്രമായ വീട്ടിലെ സ്ഥിതിയോർത്ത്.

ഇരുപത്തിനാലാം വയസ്സിൽ ഭർത്താവ് മരണപ്പെട്ട് ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ മാറിൽ ഒട്ടിക്കിടന്ന ഇളയ കുഞ്ഞിന് നാലുമാസം പ്രായം. കൂട്ടത്തിൽ മുതിർന്ന ആറു വയസ്സുകാരന്റെ കൈപിടിച്ചൊരു മൂന്നു വയസ്സ് കാരിയും.സ്വന്തം വീടിന്റെ പട്ടിണിയിലേക്ക് നാലു വയറു കൂടി എറിഞ്ഞു കൊടുക്കാതിരിക്കാൻ പണിക്കിറങ്ങി. പല വീടുകളുടെ അടുക്കളകളിൽ, നെല്ല് കൊയ്യാൻ, കല്ല് ചുമക്കാൻ ..മക്കളല്ലാതെ ഒരു ചിന്തയും ഉണ്ടായിരുന്നില്ല മനസ്സിൽ. അവരെ സ്‌കൂളിൽ ചേർത്തു. പണിക്ക് പോകുന്ന വീട്ടിലെ കുട്ടികൾ ഒഴിവാക്കുന്ന ഉടുപ്പുകൾ അവർക്ക് പാകമാക്കി. താങ്ങാനാളില്ലാത്തത് കൊണ്ട് തളർത്തരുതേ എന്ന പ്രാർത്ഥനയോടെ…മക്കൾ നന്നായി പഠിക്കുമെന്ന അദ്ധ്യാപകരുടെ വാക്കുകൾ മാത്രം ഉള്ളിലെ വേദനകൾക്ക് മേൽ തണുപ്പായി. പഠിച്ചു നേടിയ ജോലിയുമായി മൂത്തവൻ ആദ്യം കടൽ കടന്നു. അടച്ചുറപ്പുള്ളൊരു വീടായി. രണ്ടാമത്തവളും പഠിച്ചൊരു ജോലി നേടിയപ്പോൾ ഗൾഫുകാരനായ ചെറുക്കനുവേണ്ടി ബന്ധമാലോചിച്ചു വന്നവർ കൂട്ടിച്ചേർത്തു.
“നല്ല അച്ചടക്കമുള്ള കൂടിയാണെന്ന് അന്വേഷിച്ച എല്ലാരും പറഞ്ഞു…..ഒക്കെ ഇങ്ങള്ന്ന് കിട്ടിയതാണെന്നും”.അതു മാത്രമായിരുന്നു സമ്പാദ്യം.

ഇരുട്ടിൽ വറ്റിയമർന്നു പോയ ഒരുപാട് കണ്ണീരിന്റെ ഓർമ്മകൾ ഉള്ളിൽ കയ്ച്ചു നിൽക്കുന്നത് കൊണ്ട് സന്തോഷം നിറഞ്ഞ ഒരു വീട്ടിലേക്ക് വേണം മോള് പോകാൻ എന്നതായിരുന്നു പ്രാർത്ഥന. ആശിച്ചതിലേറെ നല്ല ബന്ധം. ഏറെ വൈകാതെ തന്നെ മോളും വിദേശത്തു പോയി. മൂന്നാമൻ പഠിപ്പിൽ മോശമായിരുന്നില്ലെങ്കിലും കച്ചവടത്തിലായിരുന്നു കമ്പം. മൂത്തവർ രണ്ടാളും ഉത്സാഹിച്ച് അവനെയും കടല് കടത്തി. കച്ചവടക്കാരനാക്കി.

മക്കൾ നിർബന്ധിച്ചു രണ്ടുവട്ടം അവരോടൊപ്പം നിൽക്കാൻ ഗൾഫിലേക്ക് പോയെങ്കിലും. ആ നാടും ചുറ്റുപാടും മാത്രമല്ല, ഒന്നും ചെയ്യാതെയുള്ള വെറുതെ ഇരിപ്പും ശ്വാസം മുട്ടിച്ചപ്പോൾ തിരിച്ചു പോന്നു. മക്കൾ അവധിക്ക് വരുമ്പോൾ അവർക്കായി വീട്ടുപറമ്പ് നിറയെ അവർക്കിഷ്ടമുള്ളതൊക്കെ നട്ടും മുളപ്പിച്ചും…ഒരു നിമിഷം വെറുതെ ഇരിക്കാതെ”ഈ സൂക്കേടൊക്കെ എപ്പളാണോ മാറുക….മക്കളെയൊക്കെ കാണാൻ പൂതിയാവാ… “പേരക്കുട്ടികളുടെ കളിചിരികളൊക്കെയോർത്ത് ഇന്നലെ കണ്ടപ്പോൾ സങ്കടം പറഞ്ഞു.”ഇപ്പം അങ്ങോട്ടൊന്നും ആരും പോകാത്തത് കൊണ്ട് ഓല്ക്ക് ഒന്നും കൊടുത്തൂടാനും പറ്റ്ന്നില്ല…എന്തൊക്കെ പൂതിയാന്നോ ചെറിയ മക്കള് പറയാ…”

പേരക്കുട്ടികളെ പലവിധ പലഹാരങ്ങളുടെ രുചികൾ കൊണ്ട് വിരുന്നൂട്ടാനുള്ള കൊതി…..”ഇതൊരു പൂവൻ വാഴന്റെ കന്നാ… മഴന്റെ മുമ്പ് കുഴിച്ചിടണ്ടതായ്‌നും….മുട്ടിനൊരു വേദന…പഴേ പോലെ വലീന്ന്ല്ല…ഇന്നിച്ചിരി വെയിലുണ്ടല്ലോ…ഇത് കുഴിച്ചിടാന്ന് വെച്ച്. മോൾക്ക് വല്യിഷ്ടാ…..ഓൾക്ക് മാണ്ടിയാ…പീടിയേലൊന്നും നല്ലത് കിട്ടൂല”അവർ വാഴക്കന്ന് കുഴിച്ചു വെക്കാൻ തുടങ്ങി.കാണുന്നവർക്കറിയില്ലല്ലോ വെളിച്ചമാവാൻ ഉരുകി തീർന്നുപോയൊരു ജീവിതത്തെ കുറിച്ച്.”ഓ..ഓൾക്കിപ്പോ എന്താ മക്കളൊക്കെ ഗൾഫിൽ വലിയ നിലയിലായി… വീടായി സൗകര്യങ്ങളായി”….അവനവനെ മറന്ന് മക്കൾക്ക് വേണ്ടി കഷ്ടപ്പാടും ദുരിതവും പേറി, ചിരി പോലും വറ്റി, ലോകത്തിന്റെ ഒരു മാറ്റവും അറിയാതെ, ഒരു നിമിഷം പോലും വിശ്രമമില്ലാതെ, രോഗം വന്നാൽ പോലും കിടക്കാൻ കൂട്ടാക്കാതെ ഇങ്ങനെ ഒരുപാട് മനുഷ്യരുണ്ടല്ലോ.. ആണും പെണ്ണും..
അവരുടെ ജീവിതം വളമായതിന്റെ തെഴുപ്പുകളാണല്ലോ ഉയരങ്ങളിലേക്ക് വളർന്ന് നമുക്ക് ചുറ്റും…..ചിലപ്പോൾ നമ്മൾ തന്നെയും….