ഗുവാഹത്തി എയിംസ് ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

ന്യൂഡൽഹി . ഗുവാഹത്തിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 14,300 കോടി രൂപയുടെ മറ്റ് വികസന പദ്ധതികൾക്കും അസമിൽ അദ്ദേഹം തുടക്കം കുറിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് പ്രധാനമന്ത്രി ഗുവാഹത്തിയിൽ എത്തിയത്. 1123 കോടി രൂപ നിർമ്മാണ ചെലവിലാണ് എയിംസിന്റെ നിർമ്മാണം ഗുവാഹത്തിയിൽ പൂർത്തിയാക്കിയത്.

‘ബിഹു ആഘോഷിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ @നരേന്ദ്രമോദി ജിയെ ഞാൻ ആസാമിലേക്ക് സ്വാഗതം ചെയ്യുന്നു.’ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചു. ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു.

സംസ്ഥാനത്ത് 1.1 കോടി പേർക്കുള്ള ഹെൽത്ത് കാർഡ് വിതരണവും മോദി നിർവഹിക്കുന്നുണ്ട്. ഐഐടി-ഗുവാഹത്തിയും സംസ്ഥാന സർക്കാരും സഹകരിച്ചുള്ള അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് പ്രധാനമന്ത്രി തറക്കല്ലിടുകയും നംരൂപിൽ മെഗാ 500-ടിപിഡി മെഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

പലാഷ്ബരിയെയും സുവൽകുച്ചിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്‌മപുത്ര നദിയിൽ ഒരു പാലത്തിന്റെ തറക്കല്ലിടൽ കർമ്മത്തിനും, രംഗ് ഘർ, ശിവസാഗ എന്നിവയുടെ സൗന്ദര്യവൽക്കരണ പദ്ധതികൾക്കും പ്രധാന മന്ത്രി തുടക്കം കുറിക്കും. ഉച്ചക്ക് 2.15 ഓടെ ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കർദേവ് കലാക്ഷേത്രയിൽ നടക്കുന്ന ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നുണ്ട്. തുടർന്ന് ഗുവാഹത്തിയിലെ സരുസജയ് സ്റ്റേഡിയത്തിലെ പൊതുപരിപാടിയ്ക്ക് അദ്ദേഹം അധ്യക്ഷത വഹിക്കും. പതിനായിരത്തിലധികം കലാകാരന്മാർ പങ്കെടുക്കുന്ന മെഗാ ബിഹു നൃത്തമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.