വന്ദേഭാരത് ട്രെയിൻ ആവശ്യപ്പെട്ട് പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത് തെറ്റിദ്ധാരണയുടെ പുറത്ത് : വി മുരളീധരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വന്ദേഭാരത് ട്രെയിൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയത് മാദ്ധ്യമപ്രവർത്തകരുടെ വാക്കുകൾ കേട്ട് തെറ്റിദ്ധരിച്ചാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വന്ദേഭാരത് ട്രെയിൻ കേരളത്തിന് ഇല്ലെന്ന തരത്തിൽ നടന്ന പ്രചാരണം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കാളപെറ്റു എന്ന കേട്ട ഉടനെ കയറെടുത്തോടിയ മാദ്ധ്യമപ്രവർത്തകരുടെ വാക്ക് കേട്ടാണ് മുഖ്യമന്ത്രി വന്ദേഭാരത് ട്രെയിൻ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. വാസ്തവത്തിൽ പാർലമെന്റിലെ ചോദ്യത്തിന് നൽകിയ മറുപടി മാദ്ധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതാണ്. അത് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുന്ന സ്ഥിതിയിലേയ്ക്ക് എത്തിച്ചു. പ്രധാനമന്ത്രി കേരളത്തിന് വേണ്ടി നടത്തുന്ന വികസന പ്രവർത്തനങ്ങൾ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ പ്രചരിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വന്ദേഭാരത് ട്രെയിൻ കേരളത്തിന് ഇല്ല എന്ന തരത്തിൽ നടന്ന പ്രചാരണം’ എന്ന് വി മുരളീധരൻ പറഞ്ഞു.

അതേസമയം കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകൾ പാലക്കാട്ടെത്തി. ബിജെപി പ്രവർത്തകർ ഗംഭീര സ്വീകരണമാണ് സ്റ്റേഷനിൽ ഒരുക്കിയിരുന്നത്. ബിജെപി നേതാവും ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനുമായ പി കെ കൃഷ്ണദാസ് ലോക്കോ പൈലറ്റിനെ പൂമാലയിട്ട് സ്വീകരിച്ചു.