ജന്മദിനത്തില്‍ അമ്മയെ കാണാന്‍ കഴിയാതിരുന്നതിനാല്‍ വികാരാധീനനായി നരേന്ദ്ര മോദി

ഭോപാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം രാജ്യത്ത് വലിയ ആഘോഷമായിരുന്നു. രാജ്യത്ത് മുഴുവന്‍ ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ 72-ാം ജന്മദിനമായ ഇന്ന് വലിയ ആഘോഷങ്ങളും സേവനപ്രവര്‍ത്തനങ്ങളും നടത്തി. എന്നാല്‍ എല്ലാ ജന്മദിനത്തിലും മോദി അമ്മയെ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതിന് കഴിഞ്ഞില്ല. അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ കഴിയാതിരുന്നതില്‍ അദ്ദേഹം വികാരാധീനായി. മധ്യപ്രദേശിലെ ഷിയോപൂരില്‍ വനിതാ സ്വയം സഹായ സംഘങ്ങളുടെ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുമ്പോഴാണ് അമ്മയെക്കുറിച്ച് അദ്ദേഹം വാചാലനായത്.

സാധാരണയായി ഞാന്‍ ജന്മദിനത്തില്‍ അമ്മയെ സന്ദര്‍ശിക്കുകയും കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത്തവണ അതിന് കഴിഞ്ഞില്ല. എന്നാല്‍ മധ്യപ്രദേശിലെ അമ്മമാര്‍ എന്നെ അനുഗ്രഹിച്ചിരിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. എല്ലാ ജന്മദിനത്തിലും ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വീട്ടിലെത്തി അമ്മ ഹീരാ ബെന്നിനെ സന്ദര്‍ശിച്ച് അദ്ദേഹം അനുഗ്രഹം വാങ്ങാറുണ്ട്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിക്കേറിയ നിരവധി കാര്യപരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ അമ്മയെ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി വരെ വരുന്ന പതിനാറ് ദിവസം ബിജെപി സേവന വാരമായി ആഘോഷിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ചരിത്ര ദിവസമാക്കുകയാണ് ബിജെപി. നിരവധി പദ്ധതികളാണ് ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്. ‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ സന്ദേശം നല്‍കുന്ന ‘നാനാത്വത്തില്‍ ഏകത്വം’ ഉത്സവം നടത്തുന്നതിന് ബിജെപി എല്ലാ ഒരുക്കങ്ങളും നടത്തി.

രക്തദാന ക്യാമ്പുകള്‍, ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍ എന്നിവ രാജ്യത്തെ ഓരോ ജില്ലകളിലും നടത്തുകയാണ്. ഇവയുടെ ഫോട്ടോകള്‍ നമോ ആപ്പില്‍ അപ്ലോഡ് ചെയ്യാന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച ജനിക്കുന്ന കുട്ടികള്‍ക്ക് ബി.ജെ.പി തമിഴ്‌നാട് ഘടകം സ്വര്‍ണ മോതിരം നല്‍കുന്നുണ്ട്. 2025ഓടെ രാജ്യം ക്ഷയരോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ക്ഷയരോഗികള്‍ക്ക് ആവശ്യമായ മരുന്നും പോഷകാഹാരങ്ങളും നല്‍കാന്‍ ഒരു വര്‍ഷത്തേക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കും.