ശ്രീ ഗോകുലത്തിലും,തൃശൂർ ജൂബിലിയിലും, കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിലും MBBS പ്രവേശനം നിഷേധിച്ച് നാഷണൽ മെഡിക്കൽ കമ്മിഷൻ

സംസ്ഥാനത്ത മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നിഷേധിച്ച് നാഷണൽ മെഡിക്കൽ കമ്മിഷൻ. ഇക്കാര്യം നാഷണൽ മെഡിക്കൽ കമ്മിഷന്റെ തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ കേരള ആരോഗ്യ സർവ്വകലാശാല വി സി ചൊവ്വാഴ്ച്ച യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, എന്നീ സ്ഥാപനങ്ങൾക്കാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ മെഡിക്കൽ പ്രവേശനത്തിന് അനുമതി നിഷേധിച്ചത്. നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ്
ഈ നടപ ഉണ്ടായിരിക്കുന്നത്.

നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഈ അധ്യയന വർഷത്തിൽ ഈ കോളേജുകൾക്ക് സീറ്റുകൾ പൂർണമായി നഷ്ടമാകും. ഇതോടെ സംസ്ഥാനത്ത് ഇതുവഴി 450 എം.ബി.ബി.എസ് സീറ്റുകൾ നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന വിവരം. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ 100 സീറ്റുകളും, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ്, ശ്രീഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ 150 വീതം സീറ്റുകളുമാണ് നഷ്ടമാവുക. പ്രശ്നങ്ങൾ പരിഹരിച്ച് പരിശോധന നടത്തി അനുമതി കിട്ടുന്നത് വരെ കോഴ്സ് നടത്താനാവില്ല.

അതേ സമയം വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ സയൻസ് അക്കാദമിയുടെ 100 സീറ്റുകൾ നാഷണൽ മെഡിക്കൽ കമ്മിഷൻ അൻപതാക്കി കുറച്ചു. അധ്യാപകരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് ഉൾപ്പെടെ കമ്മീഷൻ നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കാത്തതിനെ തുടർന്നാണ് ഇത്.