പട്ടേല്‍ വിഭാഗത്ത തലോടി പാളിപ്പോയ ഗുജറാത്തിനെ തിരിച്ചു പിടിക്കാനാകുമോ? യോഗിയും കെജ്രിവാളും വളര്‍ച്ചയിലേക്ക്‌

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. ഞായറാഴ്ച ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്.

ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 13ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും. മുന്‍ മുഖ്യമന്ത്രി ആനന്ദിബന്‍ പട്ടേലിന്റെ മണ്ഡലമായ ഘട്ലോദിയയില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. 1.1 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു.നരേന്ദ്ര മോദി തട്ടകമായ ഗുജറാത്ത് വിട്ടശേഷം ബി.ജെ.പിക്ക് സംസ്ഥാനത്ത് ഉറച്ച് നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എഴു വര്‍ഷത്തിനിടെ ഗുജറാത്തില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ ഉണ്ടായി.

ഗുജറാത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ജനരോഷം ഉയര്‍ന്നിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച സംഘപരിവാരിലെ ഒരു മുതിര്‍ന്ന നേതാവുമായി സംസാരിച്ചപ്പോള്‍ റഞ്ഞിരുന്നു. യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നും സംഭാഷണ മധ്യേ അദ്ദേഹം പറഞ്ഞു. മോദിയെ മുനിര്‍നിര്‍ത്തി പ്രചരിപ്പിച്ച ഗുജറാത്ത് മോഡല്‍ ഇന്ന് ഗുജറാത്തില്‍ തന്നെ ചെലവാകുന്നില്ല. സംസ്ഥാനത്ത് പ്രധാനമായും സമ്പത്ത് കൈകാര്യം ചെയ്യുന്ന പട്ടേല്‍ വിഭാഗത്തിനിടയില്‍ നിന്നുയര്‍ന്ന രോഷം അതിന് തെളിവാണ്. അത് മനസ്സിലാക്കിയാണ് ബിസിനസ്സുകാരന്‍ കൂടിയായ ഭൂപേന്ദ്ര പട്ടേലിനെ ബി.ജെ.പി. പുതിയ മുഖ്യമന്ത്രിയാക്കിയതും.

സംസ്ഥാനത്ത് ബി.ജെ.പിയുടെ അപ്രമാദിത്വത്തിന് ഇളക്കം തട്ടിയതിന്റെ വ്യക്തമായ സൂചനയായിരുന്നു കഴിഞ്ഞ ഫെബ്രുവരില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത് 14 ശതമാനത്തോളം വോട്ട് വിഹിതമായിരുന്നു. ബി.ജെ.പിയുടെ കോട്ടയായ നഗര മേഖലകളില്‍ ആം ആദ്മി കടന്നുകയറി. സൂറത്തില് അവര്‍ രണ്ടാം സ്ഥാനത്തെത്തി.മോദിയുടെ തുറപ്പുചീട്ടായിരുന്ന ഗുജറാത്ത് മോഡല്‍ കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയായിരിക്കുന്നു. എങ്ങനെയെങ്കിലും കാറ്റുനിറയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി മാറ്റത്തിലൂടെ നടക്കുന്നത്. ഭൂപേന്ദ്ര പട്ടേല്‍ അവസാനത്തെ പരീക്ഷണമാണ്.

ഗുജറാത്ത് മോഡലിന്റെ മങ്ങലില്‍ യോഗിക്ക് യു.പി. മോഡലിനെ ഉയര്‍ത്തി പിടിക്കാം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ യു.പി. മോഡലിനും യോഗി ആദിത്യനാഥിനും വേണ്ടി ഡല്‍ഹിയില്‍ ചരടുവലികള്‍ തുടങ്ങും.