നവകേരള സദസിന്‍റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ശുചീകരണതൊഴിലാളികള്‍ക്ക് നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശം, അനുസരിക്കാത്തവര്‍ ജോലിക്ക് വരണ്ട, നടപടിക്കെതിരെ രൂക്ഷവിമർശനം

കൊച്ചി. നവകേരള സദസിന്‍റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശം. അനുസരിക്കാത്തവര്‍ ജോലിക്ക് വരണ്ടെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി തൊഴിലാളികള്‍ ആരോപിച്ചു. പെരുമ്പാവൂര്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കാണ് നഗരസഭാ സെക്രട്ടറിയുടെ കർശന നിർദ്ദേശം. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ നടപടിയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ജോലി സമയം കഴിഞ്ഞ് പോസ്റ്റർ ഒട്ടിക്കണമെന്നാണ് നിർദ്ദേശം. അതായത്, പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നഗര ശുചീകരണം. നടുവൊടിയുന്ന ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ശുചീകരണ തൊഴിലാളികള്‍ക്ക് കെട്ട് കണക്കിന് നവകേരള സദസിന്‍റെ പ്രചാരണ പോസ്റ്ററുകള്‍ കയ്യിലേക്ക് ലഭിക്കുക. നഗരത്തില്‍ എല്ലായിടത്തും ഒട്ടിക്കണമെന്നാണ് നിര്‍ദേശം.

പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിന് കൂലി നല്‍കണം. അല്ലെങ്കില്‍ ഡ്യൂട്ടി ഓഫ് നല്‍കണം. അതുമല്ലെങ്കില്‍ രാവിലെ ജോലിക്കിടെ തന്നെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം സെക്രട്ടറി തള്ളി. പോസ്റ്റര്‍ ഒട്ടിക്കാന്‍ തയ്യാറാകാത്ത ശുചീകരണ തൊഴിലാളികള്‍ തന്‍റെ അനുമതിയില്ലാതെ ജോലിക്ക് പ്രവേശിക്കേണ്ടെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂര്‍ നഗരസഭയിലെ സെക്രട്ടറിയുടെ നടപടിയില്‍ ചെയര്‍മാന്‍ തന്നെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. തുച്ഛമായ വരുമാനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളില്‍ പലരും നഗരസഭാ സെക്രട്ടറിയുടെ ഭീഷണിക്ക് വഴങ്ങി പോസ്റ്റര്‍ ഒട്ടിക്കാനായി ഇറങ്ങിയിരിക്കുകയാണ്.