ആരതി മറ്റൊരുത്തീ, ഒരു’ത്തീ’, അഭിനന്ദിച്ച് നവ്യ നായര്‍

കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുന്നതിനിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ ടൗണിലൂടെ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച ആരതിക്ക് അഭിനന്ദനവുമായി നടി നവ്യ നായര്‍. സംഭവത്തിന്റെ വാര്‍ത്തക്ക് താഴെ രമ്യ എസ്. ആനന്ദ് എന്ന പ്രൊഫൈലില്‍ നിന്നുവന്ന ‘ഒരുത്തീ’ എന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് നവ്യയുടെ അഭിനന്ദനം. ആരതി മറ്റൊരുത്തീ, ഒരു’ത്തീ’, എന്നാണ് വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് നവ്യ ഫേസ്ബുക്കില്‍ കുറിച്ചത്.

സ്വകാര്യ ബസ് സമരം നടത്തിയപ്പോള്‍ കാഞ്ഞങ്ങാട് ടൗണില്‍ വെച്ചായിരുന്നു കരിവെള്ളൂര്‍ സ്വദേശിനി പി.ടി. ആരതിക്ക് ഉപദ്രവമേല്‍ക്കേണ്ടിവന്നത്. സ്വകാര്യ ബസുകള്‍ ഇല്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു ആരതി യാത്ര ചെയ്തത്. ബസില്‍ നല്ല തിരക്കായിരുന്നു. കരിവെള്ളൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടെക്ക് പോകുന്നതിനിടെയാണ് ആരതിക്ക് ദുരനുഭവം ഉണ്ടാകുന്നത്. ഇതോടെ ആരതി പിങ്ക് പൊലീസിനെ വിളിക്കാന്‍ ഫോണെടുക്കുത്തതോടെ, അടുത്ത സ്റ്റോപ്പായ കാഞ്ഞങ്ങാട്ട് വണ്ടി നിര്‍ത്തിയപ്പോള്‍ ഉപദ്രവിച്ചയാള്‍ ഇറങ്ങിയോടുകയുമായിരുന്നു.

പിന്നീട് പിന്നാലെയോടിയാണ് ഇയാളെ ആരതി പിടികൂടിയത്. ഉടനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാണിയാട്ട് സ്വദേശിയായ 52 കാരന്‍ രാജീവനാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്. ഈ സംഭവം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായതിന് പിന്നാലെയാണ് അഭിനന്ദവുമായി നവ്യ എത്തിയത്.