ശ്രീലങ്കയിലെ വിനോദ സഞ്ചാര മേഖല വൻ സാമ്പത്തിക പ്രതിസന്ധിയിൽ

ശ്രീലങ്ക: 2019 ലെ ഭീകരാക്രമണവും പിന്നാലെ വന്ന കൊറോണയും കാരണം ശ്രീലങ്കയിലെ വിനോദ സഞ്ചാര മേഖല വൻ സാമ്പത്തിക പ്രതിസന്ധിയിൽ . ശരാശരി ഒരു വർഷം 22 ലക്ഷം വിനോദ സഞ്ചാരികളെത്തുന്ന ശ്രീലങ്കയിൽ കഴിഞ്ഞ കൊല്ലം വന്നത് രണ്ടു ലക്ഷത്തിൽ താഴെ ആളുകൾ മാത്രം.

440 കോടി ഡോളറിന്റെ വരുമാനം 26 കോടി ഡോളറായി ഒറ്റയടിയ്ക്ക് കുറഞ്ഞു. ശ്രീലങ്കൻ യാത്ര അത്ര പന്തിയല്ലെന്ന് ബ്രിട്ടണും കാനഡയും പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയതും തിരിച്ചടിയായിരിക്കുന്നു . രാജ്യത്തെ കരകയറ്റാൻ കൂടുതൽ ടൂറിസ്റ്റുകളെത്തണമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ.

2019ലെ ഈസ്റ്റർ ദിനത്തിൽ ഇസ്ലാമിസ്റ്റ് ഭീകരസംഘട നടത്തിയ ചാവേർ ബോംബാക്രമണങ്ങളിൽ കൊളമ്പോയിൽ പൊലിഞ്ഞത് 269 ജീവനുകൾ.
മരിച്ചവരിൽ 46 പേർ വിദേശികളായിരുന്നു. മുൻപ് 22 ലക്ഷം വിനോദ സഞ്ചാരികളിൽ നിന്നായി 440 കോടി അമേരിക്കൻ ഡോളർ വാർഷിക വരുമാനമുള്ളിടത്തുനിന്നും രാജ്യം കൂപ്പുകുത്തി. പിന്നാലെ കൊവിഡും കൂടി പടർന്നതോടെ എല്ലാം അടച്ചുപൂട്ടേണ്ട സാഹചര്യമായിരുന്നു.

സുന്ദരമായ ബീച്ചുകളും ആന സങ്കേതങ്ങളും നൂവറലിയയിലെ ചായത്തോട്ടങ്ങളും ബുദ്ധക്ഷേത്രങ്ങളുമെല്ലാം സഞ്ചാരികളേയും നോറ്റ് കാത്തിരുന്നത് രണ്ട് കൊല്ലമാണ്. കൊവിഡ് കേസുകൾ കുറഞ്ഞ് എല്ലാമൊന്ന് പഴയ പടിയായപ്പോൾ ഇതാ സാമ്പത്തീക പ്രതിസന്ധിയിൽ രാജ്യം കൂപ്പുകുത്തി.

ആഴ്ചകൾ പിന്നിടുമ്പോഴും ശ്രീലങ്കയിലെ ഇന്ധന ക്ഷാമത്തിന് പരിഹാരമാകുന്നില്ല. കൊളമ്പോയിൽ പകുതിയോളം പെട്രോൾ പമ്പുകളും പൂട്ടി. ഇന്ധനമെത്തുന്ന പമ്പുകളിലാണെങ്കിൽ ഏത് സമയത്തും നീണ്ട ക്യൂ ആണ്. ലങ്ക ഐ ഒ സിയുടെ പെട്രോളിന് വില ലിറ്ററിന് ശ്രീലങ്കൻ രൂപ മുന്നൂറ് കടന്നു.