കുടുംബം ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസ് കണ്ട് ചിരിയും കരച്ചിലുമായി നവ്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍.വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്ത നടി വീണ്ടും അഭിനയ ജീവിതത്തിലേക്ക് തന്നെ മടങ്ങി എത്താന്‍ ഒരുങ്ങവെയാണ് കോവിഡും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചത്.ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ കുടുംബം ഒരുക്കിയ സര്‍പ്രൈസില്‍ ഞെട്ടിയിരിക്കുകയാണ് നവ്യ.പിറന്നാള്‍ ആഘോഷിക്കാനായി മാതാപിതാക്കള്‍ക്കും മകനും സഹോദരനും ഒപ്പം അതിരപ്പള്ളിയിലെ ഒരു റിസോര്‍ട്ടില്‍ എത്തിയ നവ്യയ്ക്ക് രഹസ്യമായാണ് ഇവര്‍ പാര്‍ട്ടി ഒരുക്കിയത്.ഇത് മുഴുവന്‍ നടപ്പാക്കിയത് സഹോദരന്‍ കണ്ണനാണെന്ന് നടി ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.നവ്യയുടെ വാക്കുകള്‍ ഇങ്ങനെ,’അച്ഛനും അമ്മയും സഹോദരനുമൊത്ത് ഒരു റിസോര്‍ട്ടില്‍ പോകണമെന്നത് നേരത്തെ ഉള്ള ആഗ്രഹമാണ്.എന്നാല്‍ അത് ഇന്ന് തന്നെ ആകട്ടെ എന്ന് കണ്ണന്‍ പറഞ്ഞു,പക്ഷേ അത് ഇങ്ങനെയൊരു സര്‍പ്രൈസ് ഒരുക്കാന്‍ ആണെന്ന് അറിഞ്ഞില്ല.എന്തായാലും വലിയ സര്‍പ്രൈസ് ആയിപ്പോയി.മനസ്സ് നിറഞ്ഞു,ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ബര്‍ത്‌ഡേ സെലിബ്രേഷന്‍.ഇവിടെ റിസോര്‍ട്ടിലെ ഒരു റൂമില്‍ എല്ലാ അറേഞ്ച്‌മെന്റും ഇവര്‍ ചെയ്തു വച്ചു.രാത്രി 12 മണി ആയപ്പോള്‍ എന്റെ കണ്ണ് കെട്ടി കൊണ്ട് വന്നു കാണിച്ചു.എന്റെ മോനും അറിഞ്ഞു കൊണ്ടുള്ള പരിപാടി ആയിരുന്നു.പിന്നെ എന്റെ ബെസ്റ്റ്ഫ്രണ്ട് കവിത,മറ്റു കൂട്ടുകാരുടെ സെല്‍ഫി വിഡിയോ വിഷ് ഇതൊക്കെ വാങ്ങി എഡിറ്റ് ചെയ്ത് റിസോര്‍ട്ടില്‍ അയച്ചു കൊടുത്തിരുന്നു.ആഘോഷത്തിനായി ഒരുക്കിയ റൂമിലെ ടിവിയില്‍ അവര്‍ അത് പ്ലേ ചെയ്തു.ഇതൊക്കെ കണ്ടതോടെ ഞാന്‍ ആകെ പെട്ടു പോയി.ഭയങ്കര സന്തോഷമായി.എന്റെ ഒരു കൂട്ടുകാരിക്ക് കേക്ക് സെയില്‍ ഉണ്ട്,ഞാന്‍ ആ കുട്ടിയോട് ഒരു കേക്ക് ഓര്‍ഡര്‍ ചെയ്തിരിക്കുകയായിരുന്നു.അതും വാങ്ങിപ്പോകാം എന്ന് കണ്ണനോട് ഞാന്‍ പറഞ്ഞതാണ്,അവന്‍ പറഞ്ഞു,ഓ അതൊന്നും വേണ്ട നമുക്ക് പിന്നെ എപ്പോഴെങ്കിലും ആഘോഷിക്കാം എന്ന്.ഈ പണിയൊക്കെ ഒപ്പിച്ചു വച്ചിട്ടാണ് ഇതൊക്കെ പറയുന്നതെന്ന് ഞാന്‍ അറിഞ്ഞോ?സന്തോഷേട്ടന്‍ വിളിച്ചു വിഷ് ചെയ്തിരുന്നു,എല്ലാം കൂടി മനസ്സ് നിറച്ച ഒരു പിറന്നാള്‍.