ലേസര്‍ ചെയ്തിടത്ത് പഴുത്ത് നിറയെ കുരുക്കള്‍,കണ്ണില്‍ ചോരയില്ലാത്ത കിരാതരുടെ കൂട്ടമാണ് നമ്മള്‍,ഡോ.ഷിംന അസീസ് പറയുന്നു

കൊച്ചിയില്‍ ട്രാന്‍സ്ജന്‍ഡറായ സജന ഷാജിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന് പിന്നാലെ വന്‍ പിന്തുണയാണ് അവര്‍ക്ക് ലഭിക്കുന്നത്.ബിരിയാണിയും പൊതിച്ചോറും വിറ്റ് ഉപജീവനം നടത്തിയിരുന്ന സജനയുടെ ജീവിതം വഴിമുട്ടിച്ചവര്‍ക്ക് എതിരെ വന്‍ ജനരോഷമാണ് ഉയരുന്നത്.ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത് ഡോ.ഷിംന അസീസ് ആണ്.ട്രെയിനില്‍ ഭിക്ഷാടനം നടത്തിയിരുന്നിടത്ത് നിന്നും മാറി ആത്മാഭിമാനത്തോടെ ജോലി ചെയ്ത് ജീവിക്കാനായി ഒരു കച്ചവടം തുടങ്ങിയതാണവര്‍.ആരെപ്പോലെയും അധ്വാനിച്ച് തിന്നാന്‍ സകല അവകാശവുമുള്ളൊരു പെണ്ണ്.അവരുടെ അന്നമാണ് മുടക്കിയതെന്ന് ഷിംന പറയുന്നു.സജന ഒരു കാരണവശാലും പട്ടിണി കിടക്കരുത്.ആ ഉത്തരവാദിത്വം അവരോട് ഈ കൊടുംപാതകം ചെയ്ത സമൂഹത്തിന്റെ ഭാഗമായ നമുക്കോരോരുത്തര്‍ക്കുമുണ്ട്.-ഷിംന പറയുന്നു.താടി രോമങ്ങള്‍ കളയാനായി ലേസര്‍ ചെയ്തപ്പോള്‍ ഒരു ട്രാന്‍സ് വുമനിനുണ്ടായ വേദനാജനകമായ അനുഭവവും ഷിംന പറയുന്നുണ്ട്.

ഷിംന അസീസിന്റെ വാക്കുകള്‍ ഇങ്ങനെ,’മക്കളുടെ പ്രായമുള്ളവര്‍ തൊട്ട് അപ്പൂപ്പന്‍മാര്‍ വരെയുള്ള സൗഹൃദമുണ്ട്.അവരെയൊക്കെ സ്‌നേഹിക്കാനും വര്‍ത്തമാനം പറഞ്ഞിരിക്കാനുമുള്ള ഇഷ്ടവും ചെറുതല്ല.അതില്‍ ഏറ്റവും വില മതിക്കുന്ന ഒരാളുണ്ടായിരുന്നു.വ്യക്തമായി പറഞ്ഞാല്‍ അവളൊരു ട്രാന്‍സ്‌വുമണാണ്.കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ സുഹൃത്തിന്റെ സെല്‍ഫി വന്നിട്ടുണ്ട് വാട്‌സാപ്പില്‍.താടിരോമങ്ങള്‍ കളയാന്‍ വേണ്ടി ലേസര്‍ ചെയ്തിടത്ത് ഓരോ രോമക്കുഴിയും പഴുത്ത് നിറയെ കുരുക്കള്‍.ആദ്യമായാണ് ഇങ്ങനെ വരുന്നതെന്ന് പറയുമ്പോഴും അവള്‍ക്ക് വല്ല്യ ഭാവമാറ്റമൊന്നും കാണാനില്ല.എനിക്കാണേല്‍ അത് കണ്ടിട്ട് സഹിക്കാനാകുന്നുമില്ല.മരുന്ന് പറഞ്ഞ് കൊടുക്കാനായി വീഡിയോ കണ്‍സള്‍ട്ടേഷന് വിളിച്ചപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു പോയി. ഒരു പറ്റം രോമങ്ങളുടെ ഏരിയ മുഴുവന്‍ പഴുത്ത് ചുവന്ന് നീര് വച്ചിരിക്കുന്നു.കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് കാശ് സ്വരുക്കൂട്ടി പല ശാരീരിക ബുദ്ധിമുട്ടുകള്‍ പകരുന്ന മരുന്ന് കഴിച്ച്…ഇതെല്ലാം എന്തിനാണ്?സ്വന്തം ഐഡന്റിറ്റി നില നിര്‍ത്താന്‍.പെണ്ണായിരിക്കാന്‍.കഴിഞ്ഞ ദിവസം മറ്റൊരു ട്രാന്‍സ് വുമനോട് സമൂഹം കാണിച്ച മനുഷ്യത്വമില്ലായ്മ കേരളം കണ്ടു.കൃത്യമായി പറഞ്ഞാല്‍,കേരളത്തില്‍ ആദ്യമായി ട്രാന്‍സ് ഐഡന്റിറ്റിയില്‍ റേഷന്‍ കാര്‍ഡും ഡ്രൈവിങ്ങ് ലൈസന്‍സും വോട്ടര്‍ കാര്‍ഡും കിട്ടിയ സജന ഷാജിയുടെ ബിരിയാണി കച്ചവടം കുറേ സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന് മുടക്കിയത് പറഞ്ഞവര്‍ പൊട്ടിക്കരയുന്ന വീഡിയോ കണ്ടു.ട്രെയിനില്‍ ഭിക്ഷാടനം നടത്തിയിരുന്നിടത്ത് നിന്ന് മാറി ആത്മാഭിമാനത്തോടെ ജോലി ചെയ്ത് ജീവിക്കാനായി ഒരു കച്ചവടം തുടങ്ങിയതാണവര്‍.ആരെപ്പോലെയും അധ്വാനിച്ച് തിന്നാന്‍ സകല അവകാശവുമുള്ള വ്യക്തിയാണ് അവര്‍.അവരുടെ അന്നമാണ് മുടക്കിയത്.ശരിക്കും പറഞ്ഞാല്‍ കണ്ണില്‍ ചോരയില്ലാത്ത കിരാതരുടെ കൂട്ടമാണ് നമ്മളെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് ഈ സംഭവം.സജ്‌ന ഒരു കാരണവശാലും പട്ടിണി കിടക്കരുത്. ആ ഉത്തരവാദിത്വം അവരോട് ഈ കൊടുംപാതകം ചെയ്ത സമൂഹത്തിന്റെ ഭാഗമായ നമുക്കോരോരുത്തര്‍ക്കുമുണ്ട്.