പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊലീസ് മറച്ചുവെച്ചു ; പരാതിയില്ലെന്ന് എഴുതിവാങ്ങി : നയനയുടെ കുടുംബം

കൊല്ലം : യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊലീസ് മറച്ചുവച്ച‌തായി യുവതിയുടെ കുടുംബം. തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയില്ലെന്ന് എഴുതിവാങ്ങിയെന്നും നയനയുടെ വീട്ടുകാര്‍ പറഞ്ഞു. കഴുത്ത് ഞെരിഞ്ഞാണ് നയന മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കേസിലെ തിരിമറി പുറത്തായത്

നയന സൂര്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാര്യമായൊന്നും ഇല്ലെന്ന് തെറ്റിധരിപ്പിച്ച് അന്വേഷണം ഇല്ലാതാക്കുകയായിരുന്നു. 2019 ഏപ്രില്‍ 24നാണ് തിരുവനന്തപുരം ആല്‍ത്തറയിലെ വാടക വീട്ടില്‍ നയന സൂര്യ മരിച്ചത്. കഴുത്ത് ഞെരിഞ്ഞനിലയില്‍. കഴുത്തില്‍ ഏഴ് മുറിവുകള്‍. അടിവയറ്റിെല ക്ഷതം കാരണം വൃക്കയിലും പാന്‍ക്രിയാസിലും ആന്തരികരക്തസ്രാവം. ഇത്രയും വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പൊലീസ് എന്തിന് ഇക്കാര്യം മറച്ചുവച്ചു എന്ന് അറിയേണ്ടതുണ്ട്.

കേസിൽ പുനരന്വേഷണം വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നയനയുടെ സുഹൃത്തുക്കള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടതോടെയാണ് നയനയുടെ വീട്ടുകാരും പൊലീസിന്റെ വീഴ്ച തിരിച്ചറിഞ്ഞത്. ഇതോടെ തങ്ങളെ പോലീസ് വഞ്ചിക്കുക ആണ് ചെയ്തതെന്ന് പറഞ്ഞ് കുടുംബവും രംഗത്തെത്തി.