അൽഫാം കഴിച്ച് നേഴ്സിന്റെ മരണം, ഹോട്ടലിൽ മുമ്പും ഭക്ഷ്യവിഷബാധ, ഗുരുതര ആരോപണം

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട പാലത്തറ സ്വദേശി രശ്മി രാജിനുണ്ടായത് (33) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ. കഴിഞ്ഞ മാസം 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് രശ്മി കഴിച്ചത്. മെഡിക്കൽ കോേളജ് നഴ്‌സിങ് ഹോസ്റ്റലിലേക്ക് വരുത്തിയാണ് ഭക്ഷണം കഴിച്ചത്. സഹോദരൻ വിഷ്ണുരാജിനും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേർക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.

രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോൾ ഛർദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് സഹപ്രവർത്തകർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ വയറ്റിൽ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടൻ ട്രോമ കെയർ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാൽ, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിച്ചു. അതിനിടെ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മെഡിക്കൽ കോേളജ് മോർച്ചറിയിൽ.

2015-16 വർഷം മുതലാണ് രശ്മി രാജ് കോട്ടയം മെഡിക്കൽ കോളേജിൽ ജോലിക്കെത്തിയത്. ഭർത്താവ്: തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്തുവിളാക്കത്ത് വിനോദ്കുമാർ. തിരുവാർപ്പ് പാലത്തറ രാജു-അംബിക ദമ്പതിമാരുടെ മകളാണ്. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി റസ്റ്റോറന്റിൽനിന്ന് രണ്ടുദിവസം മുൻപ് ഭക്ഷണം കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ നഗരസഭാ അധികൃതർ ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു.