മരിക്കാൻ കിടക്കുമ്പോഴും മേക്കപ്പ്, മാളവികയുടെ വിമർശനത്തിന് നയൻതാരയുടെ കിടിലൻ മറുപടി

മാളവിക മോഹന് മറുപടിയുമായി നയൻതാര രം​ഗത്ത്. രാജാ റാണി എന്ന ചിത്രത്തിൽ നയൻതാരയുടെ കഥാപാത്രം മരിക്കാൻ കിടക്കുമ്പോഴും ഫുൾ മേക്കപ്പിൽ എങ്ങിനെയാണ് അഭിനയിക്കുന്നതെന്ന് മാളവിക ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. ഇപ്പോളിതാ ഈ വിമർശനത്തിന് മറുപടി നൽകുകയാണ് താരം. മാളവിക തന്റെ പേര് പറഞ്ഞില്ലെങ്കിലും അത് തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായെന്നും സംവിധായകൻ പറയുന്നതാണ് താൻ ചെയ്യുന്നതെന്നും നയൻതാര പറഞ്ഞു.

” ഞാനൊരു സിനിമയിൽ ഫുൾ മേക്കപ്പിൽ ഇരുന്നതിനെ ഒരു നടി വിമർശിച്ചു കണ്ടു. അവർ എന്റെ പേര് പരാമർശിക്കുന്നില്ല. എങ്കിലും അത് എന്നെപ്പറ്റിയാണെന്നു മനസ്സിലായി. ഒരു ആശുപത്രി രംഗത്തിൽ ഞാൻ ഫുൾ മേക്കപ്പിൽ അഭിനയിച്ചെന്നും എന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെർഫെക്റ്റ് ആയിരുന്നുവെന്നും അവർ പറയുന്നു. ആശുപത്രിയിൽ ആണെന്നു കരുതി ഒരാൾ മുടിയൊക്കെ അലങ്കോലമായി ഇരിക്കണമെന്നുണ്ടോ? ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും നോക്കാനും പരിചരിക്കാനും ആളുണ്ടാകില്ലേ? റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോൾ യഥാർഥ ജീവിതത്തിൽ കാണുന്നതുപോലെ ഒട്ടും മേക്കപ്പില്ലാതെ മുഅഭിനയിക്കേണ്ടി വരും. പക്ഷേ ഒരു വാണിജ്യ സിനിമയിൽ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന രീതിയിലാണ് മേക്കപ്പ് ചെയ്യുക. ഈ പറഞ്ഞ രംഗം ഒരു വാണിജ്യ സിനിമയിലേതായിരുന്നു. ആ സിനിമയിൽ സംവിധായകൻ പറഞ്ഞ രീതിയിലാണ് ഞാൻ അഭിനയിച്ചത്. ഞാൻ എപ്പോഴും സംവിധായകനെ അനുസരിക്കുന്ന ആർട്ടിസ്റ്റാണ്.

മാളവികയുടെ വാക്കുകളിങ്ങനെയായിരുന്നു

‘അടുത്തിടെ ഒരു സൂപ്പർസ്റ്റാർ നടിയുടെ ഒരു സിനിമ ഞാൻ കണ്ടു. അവർ ഒരു ആശുപത്രി സീനിൽ ആയിരുന്നു അഭിനയിക്കുന്നത്. അവിടെ അവർ മരിക്കാൻ കിടക്കുകയാണ് പക്ഷെ ആ രംഗത്തിൽ പോലും അവർ ഫുൾ മേക്കപ്പിലായിരുന്നു. ഒരു മുടി പോലും മാറിയിരുന്നില്ല. ഒരു കച്ചവട സിനിമയാണെങ്കിൽപ്പോലും അഭിനയിക്കുമ്പോൾ കുറച്ച് യാഥാർഥ്യം വേണ്ടേ? മരിക്കാൻ കിടക്കുമ്പോൾ പോലും ഫുൾ മേക്കപ്പിൽ ഒട്ടും കോട്ടം തട്ടാതെ എങ്ങനെയാണ് അഭിനയിക്കുന്നത്- മാളവിക ചോദിച്ചു.