വീട്ടുകാരറിയാതെ ഉമ്മ ഹോര്‍ലിക്‌സ് കൊണ്ടു വന്നു തന്നിരുന്നു, ജീവിക്കാൻ വേണ്ടി ഭിക്ഷ എടുത്തിട്ടുണ്ട് – നസീർ സംക്രാന്തി

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന ഹിറ്റ്‌ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് നസീര്‍ സംക്രാന്തി. പരമ്പരയിലെ കമാലസന് ആരാധകർ നിരവധിയാണ്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ജീവിതം കൈപ്പുനിറഞ്ഞതായിരുന്നു. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്ന കുട്ടിക്കാലത്തെ കുറിച്ചു നേരത്തെ വ്യക്തമാക്കിയിരിന്നു. കുട്ടിക്കാലത്ത് താന്‍ നേരിട്ട പട്ടിണിയെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. താരം പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഏഴ് വയസുണ്ടായിരുന്നപ്പോള്‍ വാപ്പ മരിച്ചതിനെ തുടര്‍ന്നാണ് വീട്ടിലെ സാഹചര്യങ്ങള്‍ മോശമായത്. അതുവരെ കൂടുംബത്തില്‍ നിറഞ്ഞു നിന്നിരുന്ന ചിരി അതോടെ മാഞ്ഞു. ഉമ്മയും നാലു മക്കളും തെരുവിലായി. സംക്രാന്തിക്കടുത്ത് റെയില്‍വേ പുറമ്പോക്കിലായി കുടുംബത്തിന്റെ താമസം. അതിനിടെ മക്കള്‍ പട്ടിണി കിടക്കുന്നത് സഹിക്കാന്‍ കഴിയാതെ അമ്മ നസീറിനെ കണ്ണൂരിലെ യത്തീം ഖാനയിലാക്കി. അഞ്ചു വര്‍ഷം അവിടെ. പലപ്പോഴും അന്തിക്കഞ്ഞിയില്‍ കലരുന്നത് കണ്ണീരുപ്പായിരുന്നു നസീര്‍ പറഞ്ഞു. ആക്രി പെറുക്കല്‍, ഹോട്ടലില്‍ പാത്രം കഴുകല്‍ അങ്ങനെ റെയില്‍വേ പുറമ്പോക്കുകാരന്റെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികള്‍ എല്ലാം എന്നെ തേടിയെത്തി.

“ഒരു വലിയ പണക്കാരന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടുണ്ട് എന്റെ ഉമ്മ. അന്ന് വല്ലാത്ത പട്ടിണിയാണ്. ആ വീട്ടില്‍ നിന്നും പണികഴിഞ്ഞ് വരുമ്ബോള്‍ കയ്യില്‍ കുറച്ച്‌ ഹോര്‍ലിക്‌സ് ഉമ്മ കൊണ്ടുവരും. എന്റെ മോന്‍ കഴിച്ചോന്ന് പറഞ്ഞ്. വീട്ടുകാരറിയാതെയാണ് ഉമ്മ ഇങ്ങനെ കൊണ്ടുവന്നിരുന്നത്. ആ ഉമ്മയുടെ മോനാണ് ഞാന്‍. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട് കുട്ടിക്കാലത്ത്. പട്ടിണിമാറ്റാനും ജീവിക്കാനും വേണ്ടി” നസീര്‍ പറഞ്ഞു

ഇടയ്ക്ക് നാട്ടില്‍ ക്ലബുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പാട്ടു മത്സരങ്ങളില്‍ പങ്കെടുക്കും. ഇടയ്ക്ക് ഒരു കഥാപ്രസംഗം സ്‌കിറ്റായി അവതരിപ്പിച്ചു. അതു കണ്ടു നാട്ടുകാര്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ ഹരമായി. പുതിയ വഴി അവിടെ തുറന്നു. സ്റ്റേജുകളില്‍ തിരക്കായി. വിദേശയാത്രകള്‍ പതിവായി. ദിവസം മൂന്നും നാലും സ്റ്റേജുകള്‍ വരെ കളിച്ചുവെന്നും നസീര്‍ പറയുന്നു. സിനിമാ പ്രേക്ഷകരെക്കാളും മിനി സക്രീന്‍ പ്രേക്ഷകര്‍ക്കാണ് നസീറിനോട് കൂടുതല്‍ ആരാധന.