ഞാൻ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാൻ നോക്കിയിട്ടില്ല- നസ്രിയ

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഫഹദും നസ്രിയയും. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമില്ല.

സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻ വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഫഹദിന്റെയും നസ്രിയയുടെയും പ്രായ വിത്യാസത്തെ ചൊല്ലി വിവാഹ സമയത്ത് പല ട്രോളുകളും വന്നിരുന്നു. വിവാഹശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും നസ്രിയ മനസുതുറന്നു.

ഇടവേള തീരുമാനിച്ചെടുത്തതല്ല. ഇടയ്ക്കിടയ്ക്ക് കഥകൾ കേൾക്കാറുണ്ട്. ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താൽ മാത്രമാണ് ഇടവേളകൾ വേണ്ടി വന്നത്. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത, അല്ലെങ്കിൽ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ല. അങ്ങനെയാണ് ഇടവേളകളുണ്ടാകുന്നത്.

വിവാഹശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഒരുപാട് മാറ്റങ്ങളൊന്നും ഇല്ലെന്നായിരുന്നു നസ്രിയയുടെ മറുപടി. ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ചത്. ഞാൻ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാൻ നോക്കിയിട്ടില്ല. മുമ്പ് എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് വിവാഹശേഷവും. ഞാൻ വന്നതുകൊണ്ട് ഫഹദ് ലൗഡർ പേഴ്സണോ, ഫഹദ് വന്നതുകൊണ്ട് ഞാൻ സൈലന്റ് പേഴ്സണോ ആയിട്ടില്ല. രണ്ടുപേരും പരസ്പരം ബഹുമാനത്തോടെയാണ് മുന്നേറുന്നത്

മൂഡ് ശരിയല്ലെങ്കിൽ തമാശയ്ക്കൊക്കെ ഫഹദിനെ വിമർശിക്കാറുണ്ടെന്നും അല്ലാതെ സീരിയസായിട്ടൊന്നും വിമർശിച്ചിട്ടില്ലെന്നും നസ്രിയ പറഞ്ഞു. അങ്ങനെ ഒരുപാട് വിമർശിക്കാനും കുറ്റം പറയാനൊന്നും അദ്ദേഹം അവസരം തന്നിട്ടില്ലല്ലോ. രണ്ടു പേരും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. കല്യാണത്തിനുമുമ്പും രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുള്ള നായികാനായകന്മാരാണ്.