വണ്ടാനം മെഡിക്കല്‍ കോളേജില്‍ വീണ്ടും അനാസ്ഥ; ഐസിയുവിലായിരുന്ന രോഗി മരിച്ചവിവരം ബന്ധുക്കള്‍ അറിഞ്ഞത് നാല് ദിവസം കഴിഞ്ഞ്, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലപ്പുഴ: കൊവിഡ് ബാധിച്ചയാള്‍ മരിച്ച്‌ രണ്ട് ദിവസത്തിന് ശേഷം മാത്രം വിവരമറിയിച്ച വിവാദത്തിന് പിന്നാലെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വീണ്ടും സമാനമായ സംഭവം. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രോഗി മരിച്ചത് ബന്ധുക്കള്‍ അറിഞ്ഞത് നാല് ദിവസത്തിന് ശേഷം മാത്രം. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്‍(55) മരിച്ച വിവരമാണ് നാല് ദിവസത്തിന് ശേഷം ബന്ധുക്കള്‍ അറിഞ്ഞത്.

ഈ മാസം ഏഴിനായിരുന്നു തങ്കപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തങ്കപ്പന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയിലെ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിന്റെ വിവരമൊന്നും അറിയാതെ വന്നപ്പോള്‍ ഐസിയുവിലെത്തി അന്വേഷിച്ചതോടെയാണ് മരണമടഞ്ഞിട്ട് നാല് ദിവസമായി എന്നറിഞ്ഞത്.

വിഷയത്തില്‍ അന്വേഷിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറാണ് അന്വേഷിക്കുക.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

മുന്‍പ് ഹരിപ്പാട് സ്വദേശിയായ ദേവദാസ് ഇവിടെ കൊവിഡ് ബാധിച്ച്‌ മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് ബന്ധുക്കള്‍ അറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് ദേവദാസിന് കൊവിഡ് ബാധിച്ചത്. ഇദ്ദേഹത്തെ കാത്ത് ഭാര്യ വിജയമ്മ വാര്‍ഡിന് വെളിയില്‍ വിവരം അറിയാതെ കാത്തിരിക്കുകയായിരുന്നുവെന്ന് മക്കള്‍ അറിയിച്ചു. എന്നാല്‍ വിവരം അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരെയും ലഭിച്ചില്ലെന്നും വീഴ്‌ച ഉണ്ടായില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിക്കുന്നത്.