തിരുവനന്തപുരത്ത് ചികിത്സാ പിഴവ് മൂലം നവജാത ശിശു മരിച്ചെന്ന് പരാതി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം നവജാത ശിശു മരിച്ചെന്ന് പരാതി. മണലുവിള സ്വദേശി ഹരിതയുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ ഡിഎംഒയ്ക്കും പോലീസിനും ബന്ധുക്കള്‍ പരാതി നല്‍കി.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുപത്തിനാലുകാരിയായ ഹരിതയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയ്ക്കും കുഞ്ഞിനും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നായിരുന്നു ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഏറെ വൈകിയാണ് ഡോക്ടര്‍ എത്തിയതെന്നും ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഹരിതയെ തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സമാനമായ പരാതികള്‍ മുന്‍പും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്.