നവവധുവിനെ മർദിച്ച കേസ്, പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച പോലീസുകാരന്‍ ഒളിവില്‍

കോഴിക്കോട് : നവവധുവിനെ മർദിച്ച കേസിൽ മുഖ്യപ്രതി രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി. ശരത് ലാലും ഒളിവിലെന്ന് അന്വേഷണസംഘം.

പ്രതിക്ക് നാടുവിടാൻ കൂട്ടുനിന്ന ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിട്ടില്ല. ഇതിനിടെ കഴിഞ്ഞദിവസം ശരത് ലാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി. അപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചെങ്കിലും വീണ്ടും പരിഗണിക്കുന്നതിനും കോടതി വാദംകേള്‍ക്കാനും 31-ലേക്ക് മാറ്റി.

അഭിഭാഷകരായ കെ.പി. മുഹമ്മദ് ആരിഫ്, പി.കെ. നീതു എന്നിവര്‍ മുഖേനയാണ് ശരത്‌ലാല്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. ഒന്നാംപ്രതിയെ രക്ഷപ്പെടാന്‍ താന്‍ സഹായിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് മുന്‍കൂര്‍ജാമ്യാപേക്ഷയിലെ വാദം. പ്രതിയായ രാഹുലിന്റെ അമ്മ രണ്ടാംപ്രതി ഉഷാകുമാരി, സഹോദരി മൂന്നാംപ്രതി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി 27-ന് പരിഗണിക്കും.