കേരളത്തിലെ 11 ജില്ലകളിലും ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തി

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വകഭേദം കേരളത്തിലെ 11 ജില്ലകളിലും കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച്‌ അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കൂട്ടായ്മയായ ‘ഇന്‍സാകോഗ് (ഇന്ത്യന്‍ സാര്‍സ് കോ വി2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്‌സ്) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍440കെ എന്ന ഈ വകഭേദം ഗുരുതര ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ളതും രോഗവ്യാപനത്തിന് വഴിവെക്കുന്നതുമാണ്.

ഇതിനകം കൊവിഡ് 19 ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരില്‍ പോലും ഇത് ബാധിക്കാനിടിയുണ്ട്. വകഭേദം സംഭവിച്ച വൈറസ് ഉണ്ടാക്കുന്ന രോഗത്തെ മുന്‍ വൈറസിനെതിരേ ആര്‍ജിച്ച പ്രതിരോധശേഷികൊണ്ട് നേരിടാനാവില്ല. കഴിഞ്ഞവര്‍ഷം കൊവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന അതിജാഗ്രത തുടര്‍ന്നും പാലിക്കണമെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

കേരളത്തിലെ 14 ജില്ലകളില്‍നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എന്‍440കെ വകഭേദം കണ്ടത്. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104ല്‍ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു. ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ കൂടുതല്‍ പഠനവും അന്വേഷണവും ഈ ഘട്ടത്തില്‍ ആവശ്യമാണെന്ന് ‘ഇന്‍സാകോഗ്’ വിലയിരുത്തി.