കണ്ണില്ലാത്ത ക്രൂരത ഇനി മൃഗങ്ങളോട് വേണ്ട,വരുന്നത് 75,000 രൂപ പിഴയും 5 വര്‍ഷം തടവും

60 വര്‍ഷം പഴക്കമുള്ള മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്ന നിയമത്തില്‍ ഭേതഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന കരട് രേഖയില്‍ 75,000 രൂപ വരെ പിഴയോ അതല്ലെങ്കില്‍ മൃഗത്തിന്റെ വിലയുടെ മൂന്നു മടങ്ങും 5 വര്‍ഷം തടവും അതല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിച്ചേക്കാം. കരടില്‍ ചെറിയ പരിക്ക്, സ്ഥരമായ അംഗവൈകല്യം സംഭവിക്കാവുന്ന പരിക്ക്, ക്രൂരതകൊണ്ടുള്ള മരണം എന്നിങ്ങനെ കുറ്റകൃത്യത്തെ മൂന്നു വിഭാഗമായി തിരിച്ചിട്ടുമുണ്ട്.

പിഴ 750 രൂപ മുതല്‍ 75,000 രൂപ വരെയായിരിക്കും. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച്‌ തടവ് ശിക്ഷ അഞ്ചുവര്‍ഷം വരെ നല്‍കണമെന്നാണ് മുന്നോട്ടുവയ്ക്കുന്നത്.കഴിഞ്ഞ വര്‍ഷം കേരളത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച്‌ ആന ചരിഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടി രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരതയിന്മേല്‍ രാജ്യവ്യാപകമായി ഇതുവരെ 316 കേസുകള്‍ വിവിധ കോടതികളിലായി പരിഗണനയിലുണ്ട്. ഇത്തരത്തിലുള്ള 64 കേസുകള്‍ സുപ്രീം കോടതിയിലും 38 കേസുകള്‍ ഡല്‍ഹി ഹൈ കോടതിയിലും പരിഗണനയിലുണ്ട്.

തമിഴ്നാട് (52), മഹാരാഷ്ട്ര (43), കേരളം (15), കര്‍ണാടക (14), തെലുങ്കാന (13), രാജസ്ഥാന്‍ (12) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 316ല്‍ 199 കേസുകളും 5 വര്‍ഷത്തിനു മുമ്ബ് സംഭവിച്ചവയാണ്.