ബാഹുബലിയിലെ ശിവകാമിയാകാന്‍ ശ്രീദേവി വിസമ്മതിച്ചത് ആ കാരണം കൊണ്ട്, രാജമൗലിയെക്കുറിച്ച് ബോണി കപൂര്‍

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ സര്‍വ്വകാല റെക്കോര്‍ഡ് ആണ് ബോക്സ് ഓഫീസില്‍ ഉണ്ടാക്കിയത്. ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അഭിനയിച്ച ശിവകാമി എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. സത്യത്തില്‍ ഈ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ബോളിവുഡ് താരം ശ്രീദേവിയെ ആയിരുന്നു.

കഥ കേട്ട് ഇഷ്ടപ്പെട്ടിരുന്നെങ്കിലും പിന്നീട് താരം പിന്മാറുകയായിരുന്നു. എന്തുകൊണ്ടാണ് ഈ പിന്മാറ്റമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീദേവിയുടെ ഭര്‍ത്താവും ഫിലിം മേക്കറുമായ ബോണി കപൂര്‍. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രീദേവി പിന്മാറിയതെന്നാണ് ബോണി കപൂര്‍ പറയുന്നത്. സിനിമാരംഗത്തെ മുതിര്‍ന്ന വ്യക്തിത്വങ്ങളെ ബഹുമാനിക്കാന്‍ അറിയാത്ത ഫിലിം മേക്കറാണ് രാജമൗലിയെന്നും ബോണി കപൂര്‍ പറഞ്ഞു.

രാജമൗലി ശ്രീദേവിക്കെതിരെ അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നുവെന്ന് ബോണി കപൂര്‍ പറഞ്ഞു. രാജമൗലിയും ബോണി കപൂറും തമ്മിലുള്ള പ്രശ്നങ്ങള്‍ ഈ അടുത്ത് തുടങ്ങിയതല്ല. ഏറ്റവും അവസാനം രാജമൗലിയുടെ പുതിയ ചിത്രമായ ആര്‍.ആര്‍.ആര്‍ റിലീസുമായി ബന്ധപ്പെട്ടും രൗജമൗലിക്കെതിരെ ബോണി കപൂര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഒക്ടോബര്‍ 13നാണ് രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ റിലീസ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. അജയ് ദേവ്ഗണിനെ നായകനാക്കി ബോണി നിര്‍മ്മിക്കുന്ന മൈതാന്‍ എന്ന ചിത്രവും ഒക്ടോബര്‍ 13നാണ് റിലീസ് ചെയ്യുന്നത്.