വാക്സിന്‍ ലഭിക്കാന്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം

സംസ്ഥാനത്തിന്റെ വാക്സിന്‍ വിതരണ നയത്തില്‍ മാറ്റം. വാക്സിന്‍ ലഭിക്കാന്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. നഗരങ്ങളില്‍ വാക്സിന്‍ അതാത് വാര്‍ഡില്‍ തന്നെ സ്വീകരിക്കണം. ഓരോ തദ്ദേശ സ്ഥാപനത്തിലും മുന്‍ഗണന അവിടെ ഉള്ളവര്‍ക്കായിരിക്കും. മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ചുമതല. വാക്‌സിനേഷന്റെ ആദ്യ ഡോസ് എല്ലാ ദുര്‍ബല വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡില്‍ തന്നെ വാകസിന്‍ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരോട് ഇക്കാര്യം ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കും. താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാല്‍ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍ക്കാകും മുന്‍ഗണന. വാക്സിന്‍ വിതരണത്തിനായി വാര്‍ഡ് തലത്തില്‍ മുന്‍ഗണനാ പട്ടിക തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഓരോ കേന്ദ്രത്തിലും ലഭിക്കുന്ന വാക്സിന്‍ പകുതി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയും പകുതി സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും വിതരണം ചെയ്യും. വാക്സിനേഷന്റെ ഏകോപന ചുമതല ഇനി മുതല്‍ ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും അടുത്ത നാല് ദിവസത്തിനുള്ളില്‍ വാക്സിന്‍ നല്‍കും. വാക്സിന്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്മാരുടെ പട്ടിക തയാറാക്കാനും നിര്‍ദേശമുണ്ട്. ഇതിന്റെ ചുമതലയും തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും.

എത്രയും പെട്ടെന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കുത്തിവയ്പ്പെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പറയുന്നു. 18 വയസ്സിന് മുകളിലുള്ള കിടപ്പുരോഗികളെയെല്ലാം കണ്ടെത്തി പ്രതിരോധ കുത്തിവയ്പ്പ് നല്‍കണമെന്നും അതിനായി മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ വിന്യസിക്കണമെന്നും സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവില്‍ പറയുന്നു.