നവജാത ശിശുവിനെ വിറ്റ സംഭവം, കുഞ്ഞിനെ വാങ്ങിയ യുവതിയെ പ്രതിയാക്കി പോലീസ് കേസെടുത്തു

തിരുവനന്തപുരം : തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെയാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിനെ വാങ്ങിയ യുവതിയെയും
പ്രതിയാക്കികൊണ്ടാണ് കേസെടുത്തിട്ടുള്ളത്. ഈ മാസം ഏഴിനാണ് തൈക്കാട് ആശുപത്രിയില്‍ 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വില്‍പ്പന നടത്തിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കരമന സ്വദേശിയായ യുവതിയായിരുന്നു മൂന്ന് ലക്ഷം രൂപ നല്‍കി കുഞ്ഞിനെ വാങ്ങിയത്. വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ വാങ്ങിയ ആളില്‍ നിന്നും കുഞ്ഞിനെ വീണ്ടെടുത്ത് ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ തന്നെ കുഞ്ഞിനെ വിൽക്കാൻ സ്ത്രീയുമായി ധാരണയിലെത്തിയതിൻ്റെ തെളിവുകൾ പുറത്തു വന്നിരുന്നു.

ഏഴാം മാസത്തിലാണ് കുഞ്ഞിൻ്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ആ സമയത്ത് തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമായിരുന്നു. ഇതിൽ നിന്ന് തന്നെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു യുവതി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയത് എന്നത് വ്യക്തമാണ്. ഈ മാസം എട്ടാം തീയതിയാണ് തൈക്കാട് ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്.

പതിനെട്ടാ തീയതി കുഞ്ഞിനെ കരമന സ്വദേശിക്ക് കൈമാറി. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. കുഞ്ഞിനെ വാങ്ങിയവര്‍ക്കും വിറ്റവര്‍ക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും.