മറിയക്കുട്ടിയുടെ മുന്നിൽ മുട്ടുമടക്കി സി പി എം മുഖപത്രമായ ദേശാഭിമാനി, ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് വ്യാജവാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ചു

ഇടുക്കി. പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി. ‘മറിയക്കുട്ടി താമസിക്കുന്ന വീട് മകളുടെ പേരിലുള്ളത്’ എന്ന തലക്കെട്ടേടെ ബുധനാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് പത്രത്തിന്റെ ഖേദപ്രകടനം.

മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്നും ദേശാഭിമാനി വ്യക്തമാക്കി. ഇപ്പോള്‍ 200 ഏക്കര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന മറിയക്കുട്ടിക്ക് പഴംമ്പള്ളിച്ചാലില്‍ ഭൂമിയുണ്ടായിരുന്നു. എന്നാല്‍, ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിറ്റുവെന്നും വാര്‍ത്തയില്‍ പറയുന്നു.

മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാന്‍ ഇടയായതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു.

ക്ഷേമ പെന്‍ഷന്‍ വിഷയത്തില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വലിയ ആസ്തിയുണ്ടെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ വാര്‍ത്ത വന്നതിന് പിന്നാലെ അവര്‍ക്കെതിരേ സിപിഎം അനുകൂലികളുടെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു സി.പി.എം. പ്രചരിപ്പിച്ചത്. പെണ്‍മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണെന്നുമടക്കം പ്രചാരണം കൊഴുത്തു.

ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച കുറിപ്പ്

വിധവാ പെൻഷൻകിട്ടുന്നില്ലെന്ന് പറഞ്ഞ് യാചനാ സമരം നടത്തിയ മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകൾ പി.സി. പ്രിൻസിയുടെ പേരിലുള്ളത്. ഈ മകൾ വിദേശത്താണെന്ന രീ തിയിൽ ദേശാഭിമാനിയിൽ വന്നവാർത്ത പിശകാണ്. മറിയക്കൂട്ടിയുടെ സഹോദരി റെയ്ച്ചൽ വർഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാനിടയായത്.

അടിമാലി പഞ്ചായത്ത് പതിമൂന്നാം വാർഡ് 200 ഏക്കർ പൊന്നടത്തുപാറ 486-ാം നമ്പർ വിടിനും വിടീരിക്കുന്ന പുയിടത്തിനും അടുത്തനാൾ മുതൽ പ്രിൻസിയുടെ പേരിലാണ് കരം അടക്കുന്നത്. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലിൽ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇത് വിറ്റു. ഇപ്പോൾ 200 ഏക്കർ എന്ന സ്ഥലത്താണ് താമസം. സാലി (ഡൽഹി), ശാന്ത (വയനാട്), ജാൻസി വിജയൻ (ആയിരമേക്കർ), പ്രിൻസി (അടിമാലി) എന്നിവരാണ് മക്കൾ.

(മറിയക്കൂട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകൾ പ്രിൻസി വിദേശത്താണ് താമസിക്കുന്നതെന്നും വാർത്ത വരാനിടയായതിൽ ഖേദിക്കുന്നു.

ഭൂമിയുണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് മറിയക്കുട്ടിയുടെ പേരിൽ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസർ കത്തു നൽകുകയും ചെയ്തു.