നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വനിതാ കമ്മീഷന്‍

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ . പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെങ്കില്‍ അത് അന്വേഷിക്കണം. ഇത്തരം കേസുകള്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും എംസി ജോസഫൈന്‍ പറഞ്ഞു. സര്‍ക്കാര്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത് അഭിനന്ദനാര്‍ഹമാണെന്നും ജോസഫൈന്‍ കോഴിക്കോട് പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രി കെകെ ശൈലജ കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. കുടുംബത്തെ അനാഥമാക്കില്ലെന്ന് മന്ത്രി പറഞ്ഞു. മക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. രണ്ട് മക്കള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. വീടും സ്ഥലവും സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചു. ഇളയ കുട്ടിയുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും. വീടും സ്ഥലവും എവിടെയാണെന്നുള്ളത് തീരുമാനിക്കാന്‍ തഹസില്‍ദാറെ ഏല്‍പ്പിക്കും.

എന്നാല്‍, ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പിയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. മരിച്ച രാജന്‍ അമ്പിളി ദമ്പതികളുടെ മക്കളായ രാഹുല്‍ രാജ്, രഞ്ജിത്ത് രാജ് എന്നിവരുടെ മൊഴി എടുക്കാന്‍ പോലും റൂറല്‍ എസ്പിയോ ചുമതലപ്പെട്ടവരോ എത്തിയിട്ടില്ല.