ജീവിതത്തിലെ കൊച്ച് കൊച്ച് ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് വളരണമെന്ന് അപ്പച്ചന്‍ പറയുമായിരുന്നു, എന്‍എഫ് വര്‍ഗീസിനെ കുറിച്ച് മകള്‍

മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു എന്‍ എഫ് വര്‍ഗീസ്. വില്ലനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടനായിരുന്നു അദ്ദേഹം. 2002ലാണ് അദ്ദേഹം മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇപ്പോള്‍ താരത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മൂത്ത മകള്‍ സോഫിയ. താരപുത്രി ഒരു നിര്‍മാണ് കമ്പനി ആരംഭിച്ചിരുന്നു. ആദ്യ നിര്‍മാണ സംരംഭം ഉടന്‍ റിലീസ് ചെയ്യുമെന്ന് സോഫിയ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സോഫിയയുടെ പ്രതികരണം.

സോഫിയയുടെ വാക്കുകള്‍ ഇങ്ങനെ, അപ്പച്ചന്റെ ഓര്‍മ്മയ്ക്ക് വേണ്ടിയാണ് എന്‍എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് എന്ന പേരിലൊരു നിര്‍മാണ കമ്പനി തുടങ്ങിയത്. ഇതിന്റെ ബാനറില്‍ നിര്‍മ്മിച്ച പ്യാലി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഞങ്ങളെല്ലാവരും അമേരിക്കയില്‍ സെറ്റില്‍ഡാണ്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ആറ് വയസുകാരിയായ കുട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് പ്യാലി.

എന്ന് കരുതി കുട്ടികളുടെ സിനിമയല്ല. ഏത് പ്രായക്കാര്‍ക്കും കാണാനും ആസ്വദിക്കാനും പറ്റുന്ന കഥയും ഇതിവൃത്തവുമാണ് ചിത്രത്തിന്റേത്. അപ്പച്ചന്‍ മരിച്ചിട്ട് ഏകദേശം ഇരുപത് വര്‍ഷത്തോളം ആവുകയാണ്. അപ്പച്ചന്റെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ബബിതയും റിന്നും കഥയുമായി വരുന്നത്. കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് സിനിമയാക്കണമെന്നും അത് അപ്പച്ചന്റെ ബാനറില്‍ തന്നെ നിര്‍മ്മിക്കണമെന്നുമുള്ള ആഗ്രഹം വരുന്നത്.

സിനിമ നടന്റെ മക്കള്‍ എന്ന പേരില്‍ ഞങ്ങളെ ആരും കണ്ടിട്ടില്ലെന്ന് വേണം പറയാന്‍. കാരണം ജീവിതത്തിലെ കൊച്ച് കൊച്ച് ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് വളരണം. എങ്കിലേ ഒരു പ്രതിസന്ധി വരുമ്പോള്‍ നേരിടാന്‍ പറ്റുകയുള്ളുവെന്ന് അപ്പച്ചന്‍ പറയുമായിരുന്നു. എല്ലാ കുട്ടികളെയും പോലെയാണ് ഞങ്ങള്‍. മറ്റുള്ളവരില്‍ നിന്നും ഒരു പ്രത്യേകതയും ഞങ്ങള്‍ക്കില്ലെന്ന് അപ്പച്ചന്‍ പറയുമായിരുന്നു. കുറച്ച് സ്ട്രിക്റ്റ് പാരന്റിക് ആയിരുന്നു. അപ്പച്ചന്‍ ഭയങ്കര ഹോംലി പേഴ്‌സണ്‍ ആണ്. പഠിത്തത്തിനൊക്കെ വളരെ പ്രധാന്യം നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട പാര്‍ട്ടികളും പരിപാടിയുമൊക്കെ വരുമ്പോള്‍ ഞങ്ങളെ കൊണ്ട് പോവാതെ ഇരുന്നത്.

ഞങ്ങള്‍ നാല് പേരുള്ളത് കൊണ്ട് ഒരാളെ മാത്രമായി കൊണ്ട് പോവില്ല. ആ സമയത്ത് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് എക്‌സാമൊക്കെ കാണും. അത് വിട്ട് പോകാന്‍ ഞങ്ങള്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. വിദ്യഭ്യാസത്തിന് അപ്പച്ചന്‍ വളരെ പ്രധാന്യം കൊടുത്തത് കൊണ്ട് ഇപ്പോള്‍ മക്കളെല്ലാവരും നല്ല രീതിയില്‍ വളര്‍ന്നു. അപ്പച്ചന്റെ ആ തീരുമാനം നന്നായെന്ന് ഇപ്പോള്‍ മനസിലാവുന്നുണ്ട്. അദ്ദേഹം നല്ല വിദ്യഭ്യാസം ഉള്ള ആളായിരുന്നു. അത് കളഞ്ഞ് ഒന്നും ചെയ്യാന്‍ ഞങ്ങളെ സമ്മതിച്ചില്ല. സിനിമാ ലോകത്ത് ഞങ്ങളത്ര ശ്രദ്ധിക്കപ്പെടാത്തതിനും കാരണമതാണ്. പിന്നെ അപ്പച്ചന്റെ മരണശേഷം ഒട്ടും തന്നെ ആ ലോകത്തേക്ക് ഞങ്ങള്‍ വന്നിട്ടില്ല.

ഒരു നടനെന്ന നിലയിലും അച്ഛനെന്ന നിലയിലും ഒത്തിരി സമര്‍പ്പണമുള്ള ആളായിരുന്നു അദ്ദേഹം. സിനിമയോ, മിമിക്രിയോ, ഡബ്ബിങ്ങോ അപ്പച്ചന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ, അതിനൊക്കെ ഒരു വാല്യൂ കൊടുക്കുകയും നൂറ് ശതമാനം നീതി പുലര്‍ത്തുകയും ചെയ്തിരുന്നു. സിനിമയിലെ എല്ലാ എത്തിക്‌സും അപ്പച്ചന്‍ പാലിച്ചിട്ടുണ്ട്. ഏതെങ്കിലും സിനിമ വരുമ്പോള്‍ നേരത്തെ തന്നെ ഡയലോഗ് പഠിച്ച് ഒരുങ്ങി ഇരിക്കും. അത്രയധികം ഡെഡിക്കേഷന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.