യാതൊരു ഫാന്‍ ഫോളോയിംഗ്‌സും ഇല്ലാത്ത തനിക്ക് കിട്ടുന്ന പിന്തുണ ശരിക്കും തന്നെ അത്ഭുതപ്പെടുത്തി, മെറീന മൈക്കിള്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മെറീന മൈക്കിള്‍. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ തമാശയായിട്ട ഒരു പോസ്റ്റിന് വളരെ ഗൗരവകരമായ പ്രതികരണങ്ങള്‍ കണ്ട് ഞെട്ടിയ കഥയാണ് നടി പറയുന്നത്. അടുത്തിടെയാണ് മെറീന പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

മെറീന മൈക്കിള്‍ അഭിനയിച്ച് ചിത്രമാണ് പിടികിട്ടാപ്പുള്ളി. ചിത്രത്തിന്റെ ഫ്സ്റ്റ്‌ലുക്ക് പോസ്റ്ററില്‍ മെറീനയുടെ ചിത്രം ഉണ്ടായിരുന്നില്ല. ഇതോടെ ഫോട്ടോഷോപ്പിലൂടെ പോസ്റ്ററില്‍ തന്റെ മുഖം എഡിറ്റ് ചെയ്ത് കയറ്റുകയായിരുന്നു മറീന. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

വൈറലായി മാറിയത് പക്ഷെ മറ്റൊരു തരത്തിലായിരുന്നു. തന്റെ മുഖം മനപ്പൂര്‍വ്വം ഒഴിവാക്കിയതിനെതിരെ മറീന നടത്തിയ പ്രതികരണം എന്ന നിലയിലായിരുന്നു പലരും ഇതിനെ വ്യാഖ്യാനിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. പിന്നെ പറയണോ പൂരം. പിന്തുണയും ആശ്വാസവാക്കുകളുമൊക്കെയായി നിരവധി പേരാണ് എത്തിയത്. അഭിമുഖത്തില്‍ മെറീന പറഞ്ഞു.

സത്യത്തില്‍ അതൊരു സെല്‍ഫ് ട്രോള്‍ ആയിരുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രം പോസ്റ്ററില്‍ മുഖം വരുന്ന അത്ര പ്രാധാന്യമുള്ളതല്ല. താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നു. അത് ബോധ്യപ്പെടുത്തുക എന്നൊരു ലക്ഷ്യത്തോടെയുമായിരുന്നു താന്‍ ട്രോള്‍ പോലെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തത്. എന്നാല്‍ തനിക്ക് ലഭിച്ച പ്രതികരണങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി.

സത്യത്തില്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ ഇത്രയും ഉണ്ടെന്ന് മനസിലായത് അപ്പോഴാണ്. യാതൊരു ഫാന്‍ ഫോളോയിംഗ്‌സും ഇല്ലാത്ത തനിക്ക് കിട്ടുന്ന പിന്തുണ ശരിക്കും തന്നെ അത്ഭുതപ്പെടുത്തി. അതേസമയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി നല്ല സൗഹൃദമാണ്. അങ്ങനെ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ കൊള്ളാം എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് തള്ളിക്കളയുകയായിരുന്നു അവര്‍.- മെറീന പറഞ്ഞു.