നിഹാലിൻ്റെ ശരീരം മുഴുവൻ മുറിവ്; മരണകാരണം വയറ്റിലും തുടയിലും ഏറ്റ മുറിവുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂർ: തെരുവു നായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ ശരീരമാസകലം മുറിവുകളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തല മുതൽ കാൽ വരെ ഒട്ടേറെ മുറിവുകൾ ഉണ്ട്. വയറിലും ഇടതുകാൽ തുടയിലും ഏറ്റ മുറിവുകളാണ് മരണകാരണമായി റിപ്പോർട്ടിൽ പറയുന്നത്. ജനനേന്ദ്രീയത്തിലും അടിവയറ്റിലും ഗുരുതരമായി പരിക്കുകളേറ്റു. മുറിവുകളുടെ സ്വഭാവം വ്യക്തമാക്കുന്നത് കൂട്ടമായുള്ള തെരുവുനായ ആക്രമണം നടന്നുവെന്നാണെന്നും ചോരവാർന്നാണ് നിഹാൽ മരിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

തലശേരി ജനറൽ ആശുപത്രിയിലായിരുന്നു നിഹാലിന്റെ പോസ്റ്റ്‌മോർട്ടം. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ദർശനത്തിന് ശേഷം എടക്കാട് മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു. സംഭവത്തിൽ സംസ്ഥാന ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അക്രമകാരികളായ തെരുവുനായക്കളെ കൊല്ലാൻ അനുമതി തേടി ജില്ലാ പഞ്ചായത്ത് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും തെരുവ് നായ്ക്കളെക്കാൾ വലുത് മനുഷ്യജീവനാണന്നും പ്രസിഡൻറ് പി.പി ദിവ്യ പറഞ്ഞു

ഓട്ടിസം ബാധിച്ച്, സംസാരശേഷി കുറഞ്ഞ കുട്ടിയെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രി എട്ടോടെയാണ് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.