നിമിഷ പ്രിയയെ രക്ഷിക്കാൻ അമ്മ യെമനിലേക്ക്, വിസയെത്തി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിയ്ക്ക് ഇനി യാത്രതിരിക്കാം. അമ്മയുടെ വിസ നടപടികൾ പൂർത്തിയായെന്നാണ് റിപ്പോർട്ട്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാകണമെങ്കിൽ കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബം അനുവദിക്കണം. ഇവരെ നേരിൽക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യൻ എംബസി മുഖേനയുള്ള ശ്രമം.

വിസാ നടപടികൾ പൂർത്തിയായതോടെ വെള്ളിയാഴ്ച പ്രേമകുമാരി യെമനിലേക്ക് പോകും. മുംബൈയിൽ നിന്നും യമൻ അതിർത്തിയിലെ ഏദനിലേക്കാണ് ഇവർ വിമാനമാർഗം പോവുക. അവിടെ നിന്ന് റോഡ് മാർഗം സനായിലെത്തും. വർഷങ്ങൾക്ക് ശേഷം മകളെ കാണാനും മോചനത്തിന് ശ്രമിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്.

ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് പ്രേമകുമാരിക്ക് ഡൽഹിയിലേക്ക് പോകാൻ അനുമതി ലഭിച്ചത്. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധികൾ യമൻ അംബാസഡറുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. നിമിഷ പ്രിയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാ വിധി യെമൻ സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഇനി കുടുംബം അനുവദിച്ചാൽ മാത്രമാകും ശിക്ഷ ഒഴിവാക്കി കിട്ടുക.

കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബത്തെ സന്ദർശിച്ച് നിമിഷ പ്രിയയുടെ അമ്മ വധശിക്ഷയിൽ ഇളവിന് അഭ്യർഥിക്കും. കുടുംബം മാപ്പ് നൽകിയാൽ മാത്രമേ നിമിഷ പ്രിയയ്ക്ക് മോചനം ലഭിക്കുകയുള്ളൂ. പ്രേമകുമാരിക്കൊപ്പം യമനിലേക്ക് പോകാൻ സന്നദ്ധപ്രവർത്തകനായ സാമുവൽ ജെറോമിനും അനുമതി ലഭിച്ചിട്ടുണ്ട്.