മലയാളികളുടെ പെങ്ങളുടെ കുട്ടികളെ പൊന്നു പോലെ നോക്കണേ പെങ്ങളെ- നിർമ്മൽ പാലാഴി

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച് തിങ്കളാഴ്ചയാണ് വീണ്ടും വിവാഹിതനായത്. പ്രതിഭയാണ് ഭാര്യ. സജീഷിൻറെ മക്കളായ റിതുൽ, സിദ്ധാർത്ഥ്‌ എന്നിവർ ചടങ്ങിൽ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങ് തീർത്തും ലളിതമായിരുന്നു.

സോഷ്യൽ മീഡിയ വളരെ ആവേശത്തോടെയാണ് ഈ വാർത്തയെ ഏറ്റെടുത്തത്. നടൻ നിർമൽ പാലാഴി സജീഷ് പ്രതിഭ വിവാഹത്തിൻറെ ഒരു വീഡിയോയ്ക്ക് ഇട്ട കമൻറാണ് ഇപ്പോൾ വൈറലാകുന്നത്. പെങ്ങളെ…ഞങ്ങളെ(മലയാളികളുടെ)പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ എന്നാണ് വീഡിയോക്ക് താഴെ നിർമ്മൽ എഴുതിയത്. ഒരുപാട് പേർ നിർമ്മലിൻറെ കമൻറിന് ലൈക്ക് നൽകിയിട്ടുണ്ട്. മക്കളെ പൊന്നുപോലെ നോക്കണേ എന്നാണ് കമന്റുകൾ കൂടുതലും.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജീഷ് വിവാഹകാര്യം ലോകത്തെ അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം.

എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു. ലിനി മരിക്കുമ്പോൾ ഗൾഫിൽ ജോലി ചെയ്തിരുന്ന സജീഷിന് പിന്നീട് സർക്കാർ ജോലി ലഭിച്ചിരുന്നു. ഇപ്പോൾ ആരോഗ്യവകുപ്പിൽ ജീവനക്കാരനാണ് സജീഷ്.

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് നാല് വർഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറിയിരുന്നു. നൊമ്പരത്തോടെയും എന്നാൽ അതിലേറെ സ്നേഹത്തോടെയും മലയാളികൾ ഓർക്കുന്ന പേരാണ് സിസ്റ്റർ ലിനിയുടേത്.