പലര്‍ക്കും മോശം മെസേജും വീഡിയോകളും, ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നിത്യ മാമ്മന്‍

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഗായിക നിത്യ മാമ്മന്‍. സംഗീത സംവിധായകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തന്റെ പേരില്‍ ഫേസ്ബുക്കില്‍ നിന്നും മെസേജുകള്‍ പോയെന്ന് ഗായിക പറഞ്ഞു.

പലര്‍ക്കും ഉചിതമല്ലാത്ത ചില വീഡിയോകള്‍ തന്റെ അക്കൗണ്ടില്‍ നിന്നും ലഭിച്ചെന്നു നിത്യ പറയുന്നു. മെസേജുകള്‍ ലഭിച്ചവര്‍ തന്നെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം തിരിച്ചറിഞ്ഞതെന്ന് നിത്യ മാമ്മന്‍ പറഞ്ഞു.

മലയാളിത്തിലെ പുതുമുഖ ഗായികമാരില്‍ ശ്രദ്ധേയയാണ് നിത്യ മാമ്മന്‍. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ നീ ഹിമമഴയായി വരൂ എന്ന ഗാനത്തിലൂടെയാണ് താരം പിന്നണി ഗാനരംഗത്ത് എത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഗായികയെ തേടിയെത്തിയിരുന്നു.