‘ഇനി ഒരു റിലേഷൻഷിപ്പിൽ പെടാനുള്ള സാധ്യതയില്ല, അതൊരു അറിവാണ്.’

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ 24 വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ലെന. നായികയായി എത്തി പിന്നീട് സഹനടി ആയും അമ്മയായുമൊക്കെ തിളങ്ങുകയാണ് നടി. നാടൻ വേഷങ്ങളിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങുന്ന ലെന ഇപ്പോൾ മലയാള സിനിമയുടെ അവിഭാജ്യഘടകം എന്ന് തന്നെ പറയാം.

മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വം ആണ് ലെനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയായിട്ടായിരുന്നു ലെന എത്തിയത്. മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ലെന ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്ന അത്യപൂർവ്വം മലയാളി നടിമാരിൽ ഒരാളാണ്.

വളരെ യാദൃശ്ചികമായിരുന്നു ലെന സിനിമയിലേക്കെത്തിയത്. ആദ്യചിത്രം സ്നേഹമായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം വിളി വന്നപ്പോഴെല്ലാം മനസ്സിൽ വല്ലാത്തൊരു സംഘർഷം ഉണ്ടായിരുന്നു. പതിനാറ് വയസ്സേ അന്നുണ്ടായിരുന്നുള്ളൂ. സിനിമയിലെത്തിയല്ലോ, ഇനി തന്റെ സ്വകാര്യത പോകുമല്ലോ എന്നൊക്കെ ലെന ചിന്തിച്ചിരുന്നു. പിന്നീട് അത് പ്രായത്തിന്റെ പ്രശ്നങ്ങളാകുമെന്ന് കരുതി. ചുറ്റുമുണ്ടായിരുന്നവരെല്ലാം സിനിമയെക്കുറിച്ച് മോശം കാര്യങ്ങളാണ് പറഞ്ഞു തന്നിരുന്നത് എന്നാണു ലെന പറയുന്നത്.

താൻ ഇനി ജീവിതത്തിൽ ഇനി മറ്റൊരു റിലേഷൻഷിപ്പിലും പെടാനുള്ള സാദ്ധ്യതയില്ലെന്ന് നടി ലെന പറയുന്നു. അത് തനിക്ക് ലഭിച്ച അറിവാണെന്നും മുമ്പ് ഒരിക്കൽ കൗമുദി ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിൽ ലെന പറഞ്ഞിരുന്നു. ‘ഇനി ഒരു റിലേഷൻഷിപ്പിൽ പെടാനുള്ള സാധ്യതയില്ല. അതൊരു അറിവാണ്. എനിക്ക് അടുത്ത നിമിഷം ഉണ്ടോ ഇല്ലയോ എന്ന പോലും അറിയില്ല. ഞാൻ ഒന്നും പ്ലാൻ ചെയ്യാറില്ല. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളുമുണ്ട്. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് നമ്മൾ വിശ്വസിക്കുന്നിടത്താണ് സ്ട്രസ്സിന് അടിമപ്പെടുന്നത്.’