രാഹുല്‍ കുറ്റക്കാരനാണെന്ന വിധിക്ക് അടിയന്തര സ്‌റ്റേ ഇല്ല, ഹര്‍ജി അവധിക്ക് ശേഷം വിധി പറയാനായി മാറ്റി

ന്യൂഡല്‍ഹി. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി അടിയന്തരമായി സ്റ്റേചെയ്യാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. രാഹുല്‍ ഗാന്ധി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അവധിക്ക് ശേഷം വിധി പറയാനായി ജസ്റ്റിസ് ഹേമന്ത് പ്രച്ചക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും അസല്‍ കൈമാറാന്‍ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

കോടതി വിഷയത്തില്‍ അടിയന്തര സ്‌റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ അയോഗ്യത തുടരും. വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മനു സിങ്വി ഹൈക്കോടതിയെ അറിയിച്ചെങ്കിലും എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല. നാലാം തിയതി താന്‍ വിദേശ യാത്ര പോകുകയാണെന്നും അവധിക്ക് ശേഷം തിരികെ എത്തിയതിന് ശേഷം വിധി പ്രസ്താവിക്കാമെന്നും ജഡ്ജി അറിയിച്ചു.

രാഹുല്‍ ഗാന്ധിക്ക് കേസില്‍ രണ്ട് വര്‍ഷത്തെ ശിക്ഷയും പിഴയുമാണ് ലഭിച്ചത്. ഇതില്‍ ശിക്ഷ സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാന്‍ സെഷന്‍സ് കോടതി തയ്യാറായില്ല. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. മെയ് അഞ്ചിന് വേനല്‍ അവധിക്ക് അടയ്ക്കുന്ന ഗുജറാത്ത് ഹൈക്കോടതി ജൂണ്‍ അഞ്ചിന് മാത്രമേ ഇനി തുറക്കു.