ഡിവൈഎഫ് ഐ നേതാവും ക്രിസ്ത്യന്‍ പെണ്‍കുട്ടിയും ഒളിച്ചോടിയത് ലൗ ജിഹാദല്ല; പിശക് പറ്റിയെന്നും സിപിഎമ്മും ജോര്‍ജ് തോമസും

കോഴിക്കോട്: കോടഞ്ചേരി വിവാഹ വിവാദം അവസാനിച്ചുവെന്ന് സിപിഎം. ജോർജ്ജ് എം തോമസിന് പിശക് പറ്റിയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.ജോർജ്ജിന്റേത് നാക്കുപിഴയായി കണക്കാക്കണം.പിശക് പറ്റിയെന്ന് ജോർജ്ജ് തോമസ് തന്നെ പാർട്ടിയെ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.ലൗ ജിഹാദ് വിഷയം സിപിഎം പൊതു സമീപനത്തിന് വിരുദ്ധമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടന്നു.ഇത് പാർട്ടി അംഗീകരിക്കില്ലെന്നും അത്തരം ശ്രമങ്ങളെ ചെറുക്കുമെന്നും. വിവാഹത്തിൽ ലൗ ജിഹാദില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബത്തോട് ആലോചിച്ച് വേണമായിരുന്നു വിവാഹം, ഡിവൈഎഫ്‌ഐ നേതാവ് ഒളിച്ചോടിയത് ഒഴിവാക്കമായിരുന്നു.കല്യാണക്കാര്യം പാർട്ടിയെ അറിയിക്കണമായിരുന്നു.ഇരുവർക്കും സമ്മതമാണെങ്കിൽ ഒപ്പം നിൽക്കും അദ്ദേഹം വ്യക്തമാക്കി. ഒളിച്ചോട്ട തീരുമാനം ശരിയായില്ലെന്നും സിപിഎം വിശദീകരണ യോഗം നടത്തുന്നത് വർഗീയ ശക്തികൾക്കെതിരെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷെജിൻ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജ്യോത്സ്‌ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെൺകുട്ടി തിരികെ എത്താഞ്ഞതിനെത്തുടർന്ന് മാതാപിതാക്കൾ കോടഞ്ചേരി പൊലീസിൽ പരാതി നൽകി. മൂന്ന് ദിവസമായിട്ടും പെൺകുട്ടിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.

ഇതിന് പിന്നാലെ ഒരു സമുദായത്തെ മുഴുവൻ ഷെജിൻ വേദനിപ്പിച്ചെന്നും മതസൗഹാർദ്ദം തകർത്തെന്നും ആരോപിച്ച് തിരുവമ്പാടി മുൻ എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ്ജ് എം തോമസ് രംഗത്തെത്തിയിരുന്നു.പെൺകുട്ടി ഉൾപ്പെടുന്ന സമുദായത്തെ നേതാവ് വേദനിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴി ഒരുക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ സെക്രട്ടറി എത്തിയത്.