കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യമുക്തമാക്കി. അഴിമതിക്കെതിരെ കേന്ദ്രസർക്കാർ പുലർത്തിയ സന്ധിയില്ലാനയത്തെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതായി മോദി പറഞ്ഞു

2014ൽ ഈ രാജ്യം നിരാശയുടെ പടുകുഴിയിലായിരുന്നു. ഈ രാജ്യത്ത് ഒന്നും നടക്കില്ലെന്ന ശബ്ദമായിരുന്നു അക്കാലത്ത് ഉയർന്ന് കേട്ടിരുന്നത്. പത്രങ്ങളിൽ എല്ലാം കോടികളുടെ അഴിമതി കഥകൾ മാത്രം നിറഞ്ഞുനിന്നു. അഴിമതികൾ തമ്മിൽ മത്സരമായിരുന്നു ഇവിടെ. അക്കാലത്ത് ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതിയായിരുന്നു. അതുകൊണ്ട് യുവാക്കൾ പ്രതീക്ഷ നഷ്ടപ്പെട്ടവരായി. റേഷൻ പോലും സമയത്ത് ലഭിച്ചിരുന്നില്ല. നിരാശയുടെ പടുകുഴിയിൽ നിന്നിരുന്ന യുവാക്കൾ എൻഡിഎയിൽ വിശ്വാസമർപ്പിച്ചു. 2014ന് ശേഷം ജനങ്ങളിൽ പ്രതീക്ഷ ഉണർന്നു. കൽക്കരി അഴിമതിയുടെ കാലത്ത് നിന്ന് ഏറ്റവും ഉയർന്ന കൽക്കരി ഉത്പാദനത്തിന്റെ കാലഘട്ടത്തിലേക്ക് ഭാരതം മാറി. ബാങ്കിം​ഗ് രം​ഗത്ത് വരുത്തിയ പരിഷ്കരണങ്ങൾ ഭാരതത്തെ ഉയർത്തി. ഇവിടെ ലോകോത്തര ബാങ്കുകൾ രൂപപ്പെട്ടു.

2014ന് മുൻപ് രാജ്യത്ത് തീവ്രവാദ ആക്രമണങ്ങളുടെ പരമ്പരയായിരുന്നു. എന്നാലിന്ന് സർജിക്കൽ സ്ട്രൈക്കിന്റെ കഥകളാണ് കേൾക്കുന്നത്. പൗരന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഭാരതം എന്തും ചെയ്യുമെന്ന് അവർക്ക് ബോധ്യമായി. ആർട്ടിക്കൾ 370 നിലനിർത്തി വോട്ടുബാങ്കിനെ ഒരുകൂട്ടർ പ്രീണിപ്പിച്ചപ്പോൾ എൻഡിഎ സർക്കാർ അത് റദ്ദാക്കി ബാബാസാ​ഹേബ് അംബേദ്കറിനെ ആദരിച്ചു. കശ്മീരിൽ കല്ലേറുകൾ ഇല്ലാതായി.

പത്ത് വർഷം കൊണ്ട് രാജ്യത്തെ സാമ്പത്തിക സ്ഥിതി വളരെയധികം മുന്നോട്ടുപോയി. അസാധ്യമെന്ന് കരുതിയത് എൻഡിഎ സർക്കാർ സാധ്യമാക്കി. ആദ്യ പത്തിൽ നിന്ന് അഞ്ചിലേക്ക് ഉയർന്നു. മൊബൈൽ ഫോണുകളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായി ഇന്ത്യ മാറി. ലോകം മുഴുവനും ഉപയോ​ഗിക്കുന്ന മൈക്രോചിപ്പുകൾ ഭാരതത്തിൽ ഉത്പാദിപ്പിച്ചതാകുന്ന കാലം വിദൂരമല്ല എന്നും അദ്ദേഹം പറഞ്ഞു.