സർക്കാർ ജീവനക്കാർക്ക് പങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇനി രണ്ടാം വിവാഹം പാടില്ല, നടപടിയെടുക്കും

ദിസ്പൂർ : സർക്കാർ ജീവനക്കാർക്ക് അവരുടെ പങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇനി രണ്ടാം വിവാഹം പാടില്ല. അസാം സർക്കാർ ആണ് നിർണ്ണായക തീരുമാനമെടുത്തത്. ഇത്തരക്കാർക്ക് വിവാഹം കഴിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു.

മരിച്ച സർക്കാർ ജീവനക്കാരന്റെ രണ്ട് ഭാര്യമാർക്ക് പെൻഷൻ നൽകുന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ ഉത്തരവ് കർശനമായി പാലിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഭാര്യ ജീവിച്ചിരിക്കുന്ന ഒരു സർക്കാർ ജീവനക്കാരൻ സർക്കാർ അനുമതിയില്ലാതെ മറ്റൊരു വിവാഹം കഴിക്കരുതെന്നാണ് പേഴ്സണൽ ഡിപ്പാർട്ടുമെന്റിന്റെ ഓഫീസ് മെമ്മോറാണ്ടം വ്യക്തമാക്കുന്നത്.

‘ഞങ്ങളുടെ സേവന നിയമത്തിന്റെ പരിധിയിൽ നിന്ന് നോക്കിയാൽ സംസ്ഥാനസർക്കാരിന് കീഴിലെ ഒരു ജീവനക്കാരനും രണ്ടാം വിവാഹത്തിന് അർഹതയില്ല.ചില മതങ്ങൾ രണ്ടാം വിവാഹത്തിൽ ഏർപ്പെടാൻ അനുവദിക്കുകയാണെങ്കിൽ നിങ്ങൾ സംസ്ഥാന സർക്കാരിന്റെ അനുമതി തേടണം. ജീവനക്കാരുടെ മരണശേഷം ഭാര്യമാർ രണ്ടുപേരും പെൻഷനുവേണ്ടി വഴക്കിടുന്ന കേസുകൾ ഉണ്ടാകാറുണ്ട്.

ആ തർക്കങ്ങൾ പരിഹരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ കാരണം പല വിധവകൾക്കും പെൻഷൻ നിഷേധിക്കപ്പെടുന്നു. ഈ നിയമം നേരത്തെയുണ്ടായിരുന്നുവെങ്കിലും ഞങ്ങൾ ചെയ്തിരുന്നില്ല. ഇപ്പോൾ അത് കർശനമായി നടപ്പിലാക്കുകയാണ്’- നീരജ് വര്‍മ വ്യക്തമാക്കി.