​ഗുജറാത്ത് കലാപം ; ഇനി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം : ​ഇന്ന് ചർച്ച ചെയ്യേണ്ട ധാരാളം വിഷയങ്ങൾ വേറെയുണ്ട്, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സുപ്രീംകോടതി തീരുമാനം എടുത്തു കഴിഞ്ഞതാണെന്നും ഇനി അതിനെപ്പറ്റി ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും കോൺ​ഗ്രസ് നേതാവ് ശശി തരൂർ. ബിബിസി ഡോക്യുമെന്ററി പ്രശ്നവുമായുണ്ടായ സംഘർഷങ്ങളും അനിൽ ആന്റണിയുടെ രാജിക്കും പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുപ്രീംകോടതിയുടെ വിധിയെപ്പറ്റി പലർക്കും വിഭിന്ന അഭിപ്രായങ്ങളും ആ വിധിയിൽ അസന്തുഷ്ടരുമായിരിക്കാം. എന്നാൽ, വിഷയത്തിൽ സുപ്രീംകോടതി തീരുമാനം എടുത്തു കഴിഞ്ഞതാണ്. അതിനാൽ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഒന്നിനെപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസ് അടക്കമുള്ള പാർട്ടികൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. എന്നാൽ, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഇന്ന് ചർച്ച ചെയ്യേണ്ട ആവശ്യമില്ല’. ‘അനിൽ കെ ആന്റണിയുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നില്ല. ഇതിനെപ്പറ്റി എന്നോട് നേരിട്ട് അദ്ദേഹം ആശയവിനിമയം നടത്തിയിട്ടില്ല. അനിലുമായി സംസാരിച്ച ശേഷം മാത്രമെ എന്താണ് അദ്ദേഹത്തിന്റെ നിലപാട് എന്ന് കൃത്യമായി മനസ്സിലാകൂ.

എന്നാൽ, ഒരു കാര്യം ഞാൻ പറയാം. ബിബിസിയോ ഒരു ഡോക്യുമെന്ററിയോ വിചാരിച്ചാൽ തകർന്നു പോകുന്നതല്ല ഇന്ത്യയുടെ നിയമങ്ങളും പരമാധികാരവും ദേശസുരക്ഷയും. അതിനാൽ ഇന്ത്യയുടെ പരമാധികാരത്തിന് മേൽ ബിബിസി കടന്നു കയറുന്നു എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.