![omar lulu](https://thekarmanews.com/wp-content/uploads/2022/03/New-Project-38-5.jpg)
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ കല്ലിടല്‍ പുരോഗമിച്ച് വരികയാണ്. സംസ്ഥാനത്തുടനീളം പല പ്രതിഷേധങ്ങളും അരങ്ങേറുന്നതിനിടെയാണ് കല്ലിടീല്‍ നടക്കുന്നത്. പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് എത്തുന്നുണ്ട്. പദ്ധതിയെ അനുകൂലിച്ച് സംവിധായകന് ഒമര്‍ ലുലു സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംവിധായകന് എതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
ഇപ്പോള്‍ വീണ്ടും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എത്തുകയാണ് അദ്ദേഹം. നമ്മുടേത് എന്നു പറയുന്ന ഭൂമി പോലും സര്‍ക്കാരിന്റെയാണെന്നും നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിനു വേണ്ടി സില്‍വര്‍ ലൈനിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഒമര്‍ പറയുന്നു.
ഒമര്‍ ലുലുവിന്റെ വാക്കുകള്‍: ഒരു പത്ത് മിനിറ്റ് മുന്‍പേ എത്തിയിരുന്നെങ്കില്‍….ലോകത്ത് ഏറ്റവും വിലപിടിച്ച വസ്തു സമയം ആണ് നഷ്ടപ്പെട്ട സമയം. ഒരിക്കലും നമുക്ക് തിരിച്ച് കിട്ടുകയില്ല. നമ്മള് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന റോഡും റെയിലും വിമാനത്താവളവും എല്ലാം ഇത് പോലെ പല ആളുകളുടെയും സ്ഥലമാണ്. യഥാര്‍ഥത്തില്‍ നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സര്‍ക്കാരിന്റെ ആണ്. അതുകൊണ്ടാണ് വര്‍ഷാവര്‍ഷം നമ്മള് ലാന്‍ഡ് ടാക്സ് അടയ്ക്കുന്നത്. നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.
ഇനി, എനിക്ക് നഷ്ടപ്പെടുമ്പോഴേ വേദന അറിയൂ എന്ന് പറയുന്നവരോട്. നെടുമ്പാശേരി വിമാനത്താവളത്തിന് ഞങ്ങളുടെ സ്ഥലവും നഷ്ടപ്പെട്ടതാ, അതും അന്ന് ഭൂമിക്ക് തീരെ വിലയില്ലാതിരുന്ന സമയത്ത്. പക്ഷേ ഇന്ന് നോക്കുന്ന നേരം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കൊണ്ട് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ. കെ റെയിലിനായി അക്ഷമനായി കാത്തിരിക്കുന്നു.