കുറേ എണ്ണം കുരച്ചുകൊണ്ടേയിരിക്കും, ഫിറോസിൻറെ കാറും വീടുമാണോ നിങ്ങളെ അസ്വസ്ഥരാക്കുന്നത്- ഒമർ ലുലൂ

അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്കായി സഹായമഭ്യർത്ഥിച്ച വർഷ എന്ന യുവതിയും ഫിറോസ് കുന്നുംമ്പറമ്പിലും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ രണ്ട് ചേരിയിലായിരിക്കുകയാണ് സോഷ്യൽ മീഡിയ. വർഷക്ക് ഒരു കോടിയിലധികം രൂപ സഹായം ലഭിച്ചിരുന്നു. ഈ ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ചാരിറ്റി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി വർഷ നൽകിയ പരാതിയിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

ഫേസ്ബുക്കിലെ ചാരിറ്റി പ്രവർത്തനത്തിലൂടെ ശ്രദ്ധേയരായ ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. വർഷയുടെ കരളാണ് അമ്മയ്ക്കായി പകുത്ത് നൽകിയത്. ഫിറോസിന് ഫേസ്ബുക്കിലൂടെ പിന്തുണ അറിയിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനായ ഒമർ ലുലു. ഫിറോസ് നിങ്ങൾ പ്രവർത്തനം തുടരുക ഒരാൾക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ട് പിടിക്കാൻ ഇരിക്കുന്ന കുറെ എണ്ണം കുരച്ചുകൊണ്ടേയിരിക്കും എന്നാണ് ഒമർ ലുലു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ എഴുതിയത്.