മോദിയുടെ ആഹ്വാനത്തിൽ രാജ്യത്ത് 30 കോടിയിലേറെ പതാകകൾ വിറ്റഴിച്ചു.

ന്യൂഡൽഹി. 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എല്ലാ വീട്ടിലും ദേശീയപതാക’ എന്ന ആഹ്വാനം ജനം ഏറ്റെടുത്തത് വഴി ഈ വർഷം രാജ്യത്ത് 30 കോടിയിലധികം പതാകകൾ വിറ്റഴിച്ചു. രാജ്യത്ത് ഇത്രയധികം പതാകകൾ വിറ്റത് വഴി 500 കോടി രൂപയുടെ വരുമാനം ആണ് ഉണ്ടായതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്.

20 ദിവസത്തിനിടെ ജനങ്ങളുടെ ആവശ്യാനുസരണം 30 കോടിയിലധികം ദേശീയ പതാക നിർമിക്കാൻ ഇന്ത്യയിലെ വ്യവസായികൾക്ക് കഴിഞ്ഞു എന്നത് അവരുടെ പ്രാപ്തിയും കഴിവും തെളിയിക്കുന്നതാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ദേശീയ പതാകയുമായി ബന്ധപ്പെട്ട് രാജ്യത്താകെ മൂവായിരത്തിലധികം പരിപാടികൾ വിവിധ വ്യവസായ പ്രമുഖരും മറ്റു മേഖലകളിലുള്ളവരും സംഘടിപ്പിച്ചു.

പതാക പോളിസ്റ്റർ തുണി ഉപയോഗിച്ച് മെഷീനിൽ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് നിർമാണം വേഗത്തിലാക്കി. നേരത്തെ ഖാദി അല്ലെങ്കിൽ പരുത്തിത്തുണിയിൽ മാത്രമേ ദേശീയ പതാക നിർമിക്കാൻ അനുവദിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ ഫ്ലാഗ് നിയമം പുനഃക്രമീകരിച്ചതിനാൽ നിരവധി പേർക്ക് വീടുകളിൽ ചെറിയ സംവിധാനത്തിൽ പതാക നിർമിക്കാൻ കഴിഞ്ഞു. പത്തു ലക്ഷത്തോളം ആളുകൾക്ക് ഇതിലൂടെ സ്വയം തൊഴിൽ ലഭിച്ചു. സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി.ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഘൻഡേൽവാലും ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.